bineesh-bastin

കൊച്ചി: നടൻ ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷ്ണമേനോൻ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്ന് അറിയിച്ച് ഫെഫ്ക. വർഗവിഷയത്തെ ജാതീയമായ വിഷയമാക്കി മാറ്റിയതാണ് പ്രശ്‌നമായതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ബിനീഷും അനിലുമായി ഫെഫ്ക നേതൃത്വം നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉണ്ണികൃഷ്ണൻ. അനിലിന്റെ ഭാഗത്തുനിന്ന് ജാതീയമായി അധിക്ഷേപം ഉണ്ടായതായി ബിനീഷിനോ കോളേജിലെ മറ്റാർക്കുമോ തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അനിൽ രാധാകൃഷ്ണമേനോനുമായുള്ള ഉള്ള സൗഹൃദം തുടരുമെന്നും എന്നാൽ അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കില്ലെന്നും ബിനീഷ് ബാസ്റ്റിൻ അറിയിച്ചു.

ഈ വിഷയത്തിൽ ജാതി വലിച്ചിട്ടതിൽ ഞങ്ങൾക്ക് ഖേദമുണ്ട്. ബിനീഷുമായി വേദി പങ്കിടില്ലെന്ന് അനിൽ രാധാകൃഷ്ണൻ പറഞ്ഞെന്ന സംഘടനയ്ക് അറിവില്ല. ഇതേക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയാനും സംഘടന ആഗ്രഹിക്കുന്നില്ല. അതേസമയം ഇക്കാര്യത്തിൽ അനിൽ രാധാകൃഷ്ണ മേനോന് ജാഗ്രതകുറവുണ്ടായാതായി സംഘടന വിലയിരുത്തുന്നു. അതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇനി വീണ്ടും ഒരു ഖേദപ്രകടനം ആവശ്യമില്ലെന്ന് ബിനീഷ് തന്നെ ഇന്നത്തെ ചർച്ചയിൽ വ്യക്തമാക്കിയിട്ടുണ്ട്. ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ഈ വിഷയം സൗഹാർദപരമായി തീർന്നിരിക്കുന്നതായും ഇതുമായി ബന്ധപ്പെട്ട് അനിലിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുകയില്ലെന്നും ഫെഫ്ക ജനറൽ സെക്രട്ടറി പറഞ്ഞു. വിഷയത്തിൽ പരസ്യമായി പ്രതികരിച്ച ഫെഫ്ക എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ നടപടി ശരിയായില്ലെന്നും ബി. ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.