literature-

കോഴിക്കോട് : പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റുചെയ്ത രണ്ട് വിദ്യാർത്ഥികളുടെ പേരിൽ യു.എ.പി.എ ചുമത്തിയ പൊലീസ് നടപടി വിശദമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖകളും പുസ്തകങ്ങളും ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാൽ താഹയുടെ വീട്ടിൽ നിന്ന് കണ്ടെത്തി എന്നുപറഞ്ഞ് പൊലീസ് തെളിവായെടുത്ത പുസ്തകം മാദ്ധ്യമപ്രവർത്തകൻ ഒ. അബ്ദുറഹ്മാൻ രചിച്ച 'മാർക്സിസം, സാമ്രാജ്യത്വം, തീവ്രവാദം: സംശയങ്ങൾക്ക് മറുപടി' ആണ്. എന്നാൽ ഈ പുസ്തകത്തിലെ പല ലേഖനങ്ങളും മാവോയിസ്റ്റ് തീവ്രവാദത്തിന് വിരുദ്ധമായി എഴുതിയവയാണെന്ന് അബ്ദുറഹ്മാൻ പറയുന്നു. ഈയൊരു പുസ്തകം പൊലീസ് തെളിവായെടുത്തത് പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2011ൽ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകസമാഹാരം. അത് അന്നുമുതൽ പ്രചാരമുള്ള പുസ്തകമാണ്. നിരോധിക്കപ്പെട്ടതല്ല ഒന്നുമല്ല. ഇതുവരെ ആ പുസ്‍തകത്തെ കുറിച്ച് ഒരു പരാതിയും വന്നിട്ടില്ല. പുസ്‍തകത്തോട് ചിലപ്പോൾ വിയോജിപ്പുണ്ടായേക്കാം. അതല്ലാതെ ഇത്തരത്തിൽ ഒരു ചര്‍ച്ചയും ഉയർന്നുവന്നിട്ടില്ലെന്ന് അബ്ദുറഹ്മാൻ പറഞ്ഞു.

മാവോയിസവുമായ ബന്ധപ്പെട്ട യാതൊന്നും തന്നെ ഈ പുസ്‍തകത്തിലില്ല. പൊലീസുകാരാണെങ്കിൽ ആ പുസ്‍തകം വായിച്ചുനോക്കുകയോ അതിന്റെ ഉള്ളടക്കമെന്താണ് എന്ന് മനസിലാക്കുകയോ ഒന്നും ചെയ്യാതെയാണ് ഓരോന്ന് പറയുന്നത്. പൊലീസ് പറഞ്ഞിരിക്കുന്ന വിവരം അപ്പാടെ മുഖ്യമന്ത്രി മുഖവിലക്കെടുത്തുവെന്ന് പറയുന്നത് ദൗർഭാഗ്യകരമാണ്.

ഇസ്ലാമിനെക്കുറിച്ചും മൊത്തം ഇസ്ലാമിക പ്രസ്ഥാനങ്ങളെ കുറിച്ചും തീവ്രവാദത്തെയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്നു എന്ന രീതിയിൽ ലോകവ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. സെപ്‍തംബർ 11ന്റെ ആക്രമണത്തിന് ശേഷം, അമേരിക്കയുടെ നേതൃതത്തിൽനടക്കുന്ന ആ പ്രചരണം ശക്തമായി. അതേത്തുടർന്ന് പല ആളുകൾക്കും പലതരം സംശയങ്ങളുണ്ടായി. ആ സംശയങ്ങൾക്കുള്ള മറുപടിയാണ് ഈ പുസ്‍തകത്തിലെ ഏറെ ഭാഗവും. താത്വികമായിട്ടുള്ളതാണ് അത്. അടിസ്ഥാനപരമായി ഇസ്ലാം തീവ്രവാദത്തെ നിരാകരിക്കുന്നു. അത് സമാധാനത്തിന്റെ മതമാണ് എന്നാണ് അതിലെ ഒരു വശം. മറ്റൊന്ന് സാമ്രാജ്യത്വത്തിനെതിരായ കാര്യങ്ങളാണ്. മാര്‍ക്സിസം ഇസ്ലാമിനെ എതിർക്കുമ്പോൾ മാർക്സിസം എന്താണ് യഥാർത്ഥത്തിൽ എന്ന തരത്തിലുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയാണ്. എന്നാൽ മാവോയിസത്തെ പറ്റി ഒന്നും ഇല്ലായെന്ന് മാത്രമല്ല, എല്ലാതരം തീവ്രവാദത്തെയും മുസ്ലിം തീവ്രവാദത്തെ അടക്കം നിരാകരിക്കുന്നതാണ് ഈ പുസ്‍തകത്തിന്റെ ഉള്ളടക്കം.

മാവോയിസം എന്ന് പറയുന്നത് ആശയതലത്തില്‍ നടക്കുന്ന ഒരു പ്രചരണമാണ്. മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. പക്ഷേ, അത് സംബന്ധിച്ച പുസ്‍തകങ്ങൾ വായിച്ചൂടാ, അതുസംബന്ധിച്ച ലഘുലേഖകൾ കൊണ്ടുനടന്നൂടാ എന്നൊക്കെ പറഞ്ഞാൽ ജനാധിപത്യത്തിന്റെ നിഷേധമാണ്.

അവര്‍ക്ക് ആ യുവാവിന്റെ വീട്ടിൽനിന്നും കിട്ടിയ പുസ്‍തകം അതായത് കൊണ്ടാണ് അതിനെ മാവോയിസ്റ്റ് സാഹിത്യം എന്ന് വിശേഷിപ്പിച്ചിട്ടുണ്ടാവുക. അല്ലാതെ, ഇത് ഒരുതരത്തിലും അങ്ങനെയൊരു പുസ്‍തകമേയല്ല. ആണെങ്കിൽ ആ പുസ്‍തകത്തിനെതിരെ തന്നെ നടപടിയുണ്ടാവുമായിരുന്നില്ലേ? എട്ട് വർഷത്തോളമായി അങ്ങനെയൊരു പുസ്‍തകം ഉണ്ടെങ്കില്‍ കണ്ടെത്താനോ നിരോധിക്കാനോ കഴിയാത്തത് ആരുടെ പരാജയമാണെന്നും അബ്ദുറഹ്മാൻ ചോദിച്ചു.