ബാങ്കോക്ക്: രാജ്യതാത്പര്യങ്ങൾക്ക് ഏറെ ദോഷകരമെന്ന നിലയിൽ കടുത്ത പ്രതിഷേധവും ആശങ്കയും ഉയർത്തിയ ഏഷ്യാ മേഖലാതല സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (ആർ.സി.ഇ.പി) തത്കാലം ഇന്ത്യ ഒപ്പു വയ്ക്കില്ല.ബാങ്കോക്കിൽ ഇന്നലെ നടന്ന ആർ.സി.ഇ.പി ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം വ്യക്തമാക്കി.
കർഷകർ, വ്യാപാരികൾ, തൊഴിലാളികൾ, ഉപഭോക്താക്കൾ തുടങ്ങി ഇന്ത്യൻ ജനതയുടെ താത്പര്യങ്ങളെ സംബന്ധിച്ച് അനുകൂലമായ മറുപടിയല്ല ജനങ്ങളിൽ നിന്ന് ലഭിച്ചതെന്നും കരാറിൽ ഒപ്പിടാൻ തന്റെ മന:സാക്ഷി അനുവദിക്കുന്നില്ലെന്നുമാണ് നരേന്ദ്രമോദി ഉച്ചകോടിയെ അറിയിച്ചത്.
അതേസമയം, ഇന്ത്യ ഒപ്പിടാത്ത സാഹചര്യത്തിൽ ആർ.സി.ഇ.പിയിൽ അംഗങ്ങളായ ചൈനയുൾപ്പടെയുള്ള മറ്റ് 15 രാജ്യങ്ങൾ സ്വതന്ത്ര വ്യാപാര കരാറുമായി മുന്നോട്ടുപോകും. അടുത്ത വർഷം കരാർ ഒപ്പിടാൻ തത്വത്തിൽ ധാരണയായെന്നും , സ്വയം തയ്യാറാകുമ്പോൾ ഇന്ത്യയ്ക്കും ഭാഗമാകാമെന്നും ചൈനീസ് വാണിജ്യമന്ത്രി പ്രതികരിച്ചു. അതേസമയം, 2020 ഫെബ്രുവരിയിലെ വിയറ്റ്നാം ഉച്ചകോടിക്ക് മുമ്പ് കൃത്യമായ പഠനങ്ങളും ചർച്ചകളും നടത്തി ഇന്ത്യ, തങ്ങൾക്കനുകൂലമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനിൽ അംഗങ്ങളായ 10 രാജ്യങ്ങളും ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളും ഉൾപ്പെട്ടതാണ് ആർ.സി.ഇ.പി. ആസിയാൻ രാജ്യങ്ങളെയും അവയുടെ സ്വതന്ത്ര വ്യാപാരപങ്കാളികളായ രാജ്യങ്ങളെയും ഒന്നിപ്പിച്ച്, ലോകത്തെ ഏറ്റവും വലിയ സ്വതന്ത്രവ്യാപാരമേഖല രൂപീകരിക്കുകയാണ് ലക്ഷ്യം.
ഇന്ത്യയുടെ പിന്മാറ്റത്തിനു പിന്നിൽ:
ചൈനയിൽ നിന്നുള്ള ഇറക്കുമതി പ്രളയവും ആഭ്യന്തര ഉത്പന്ന മേഖലയുടെ തകർച്ചയുമാണ് ഇന്ത്യ ഒപ്പുവയ്ക്കാത്തതിന് പ്രധാന കാരണങ്ങൾ.
എല്ലാ രീതിയിലും പരസ്പരം പ്രയോജനമുള്ള കരാറെന്ന നിർദേശമാണ് ഇന്ത്യ മുന്നോട്ടു വച്ചത്.
രാജ്യവ്യാപകമായി പ്രതിഷേധമുയർന്നു. പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷ അനുകൂല സംഘടനകളും കരാറിനെതിരെ രംഗത്തെത്തി..
ഇന്ത്യ ഇല്ലെങ്കിൽ?
അമേരിക്ക പങ്കാളിയല്ലാത്ത കരാറായതിനാൽ വ്യാപാരമേഖലയിലെ, പ്രത്യേകിച്ച് ഇറക്കുമതിയിലെ ചൈനയുടെ അപ്രമാദിത്വം മറ്റ് പങ്കാളിത്ത രാജ്യങ്ങൾക്ക് തലവേദനയുണ്ടാക്കും.
. അമേരിക്കയുമായുള്ള വ്യാപാരബന്ധം പതിയെ അവസാനിപ്പിക്കുന്ന ചൈനയ്ക്ക് പുതിയ കരാർ മികച്ച വിളനിലമാകും.
കരാറിൽ ഇന്ത്യ കൂടെ വേണമെന്ന് നിർബന്ധം പിടിക്കുന്നതും കരാറിന് മുൻകൈയെടുക്കുന്നതും ചൈനയാണ്. , ചൈനയുടെ കണ്ണിൽ ഏറ്റവും കൂടുതൽ ഇറക്കുമതി സാദ്ധ്യതയുള്ള രാജ്യമാണ് ഇന്ത്യ.
ഇന്ത്യയ്ക്ക് കരാർ
തിരിച്ചടിയാവും
ഇതിനുമുമ്പുള്ള സ്വതന്ത്രവ്യാപാര കരാറുകളിൽനിന്ന് നേട്ടമുണ്ടാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. , മറ്റ് പങ്കാളിത്ത രാജ്യങ്ങൾക്ക് ഇന്ത്യ മികച്ച സ്വീകർത്താവുമാണ്.
ഇന്ത്യയിലേക്കുള്ള ഇറക്കുമതി കൂടും.. പകരം വിപണി കണ്ടെത്താൻ കഴിയില്ല. ആസിയാൻ രാജ്യങ്ങൾ വിപണികൾ കീഴടക്കുന്നതോടെ ഇന്ത്യയുടെ കയറ്റുമതി കുറയും. ഇത് ആഭ്യന്തര ഉത്പാദന, വിപണനമേഖലയെ തകർക്കും.
എന്താണ് ആർ.സി.ഇ.പി?
പങ്കാളിത്ത രാജ്യങ്ങൾ കയറ്റുമതി, ഇറക്കുമതി ചുങ്കം കുറയ്ക്കുകയോ പൂർണമായി എടുത്തുകളയുകയോ ചെയ്യണം എന്നതാണ് രത്നച്ചുരുക്കം.
ഒപ്പ് വയ്ക്കുന്ന 15 രാജ്യങ്ങൾ
ഇന്തൊനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പുർ, തായ്‌ലൻഡ്, ബ്രൂണയ്, വിയറ്റ്നാം, ലാവോസ്, മ്യാൻമർ , കംബോഡിയ (ആസിയാൻ രാജ്യങ്ങൾ), ചൈന, ജപ്പാൻ, ദക്ഷിണ.കൊറിയ, ആസ്ട്രിയ, ന്യൂസിലാൻഡ്