മുംബയ്: മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ പുതിയ നീക്കവുമായി ശിവസേന. ഇതുമായി ബന്ധപ്പെട്ട് ശിവസേനാ നേതാക്കളായ സഞ്ജയ് റാവത്തും രാംദാസ് കദമും ഗവർണർ ഭഗത് സിങ് കോശ്യാരിയുമായി കൂടിക്കാഴ്ച നടത്തി. ഗവർണറോട് ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്നായിരിക്കും ശിവസേന ആവശ്യപ്പെടുക എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിയരുന്നു. ദേശീയ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുമായി ഡൽഹിയിലെത്തി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ശിവസേന-ഗവർണർ കൂടിക്കാഴ്ച നടത്തിയതെന്നതും ശ്രദ്ധേയമാണ്.
ഏറ്റവും വലിയ ഒറ്റകക്ഷിയെ സർക്കാറുണ്ടാക്കാൻ ക്ഷണിച്ചാൽ 105 സീറ്റുള്ള ബി.ജെ.പിയെയാണ് ഗവർണർക്കു വിളിക്കേണ്ടി വരിക. എന്നാൽ 145 എന്ന കേവല ഭൂരിപക്ഷം തികയ്ക്കാൻ ബി.ജെ.പിക്ക് കഴിയാത്ത സാഹചര്യത്തിൽ 56 സീറ്റുള്ള ശിവസേനയ്ക്ക് എൻ.സി.പിയുമായും കോൺഗ്രസുമായും ചേർന്ന് സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ കഴിയുമെന്നാണ് ശിവസേനയുടെ കണക്കുകൂട്ടുന്നത്.
അതേസമയം സർക്കാരുണ്ടാക്കുന്നതുമായി ബന്ധപ്പെട്ടു ഡൽഹിയിൽ എൻ.സി.പി മേധാവി ശരദ് പവാറും കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും തമ്മിൽ കൂടിക്കാഴ്ച നടക്കുന്നുണ്ട്. ബി.ജെ.പി-സേന തർക്കം രൂക്ഷമായ സാഹചര്യത്തിൽ അത് പ്രയോജനപ്പെടുത്തണമെന്ന് കോൺഗ്രസിനുള്ളിഷ നിന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. രണ്ടരവർഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന ധാരണ അംഗീകരിക്കുന്നില്ലെങ്കിൽ ബദൽ മാർഗം തേടുമെന്നാണ് ശിവസേന നേരത്തെ വ്യക്തമാക്കിയിരുന്നു.