ന്യൂഡൽഹി: വരുന്ന ഐ.പി.എൽ സീണിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ബി.സി.സി.ഐ. അടുത്ത ഐ.പി.എൽ സീസൺ മുതൽ പവർപ്ലെയറിനെ അവതരിപ്പിക്കാനുള്ള നീക്കം അണിയറയിൽ തകൃതിയായി നടക്കുകയാണ്. വിക്കറ്രുകൾ വീഴുമ്പോഴും ഒരോവർ അവസാനിക്കുമ്പോഴും ടീമിനെ പകരക്കാരനെ കളത്തിലിറക്കാം എന്ന വ്യവസ്ഥയാണ് പവർ പ്ലെയർ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ബി.സി.സി.ഐ ഇക്കാര്യം ചർച്ച ചെയ്ത് അംഗീകരിച്ചു കഴിഞ്ഞു. ഇന്ന് മുംബയിലെ ബി.സി.സി.ഐ ആസ്ഥാനത്ത് നടക്കുന്ന ഐ.പി.എൽ ഗവേണിംഗ് കൗൺസിലിൽഇക്കാര്യം ചർച്ച ചെയ്യും. ഗവേണിംഗ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചാലെ ഇത്തവണത്തെ ഐ.പി.എൽ സീസണിൽ പവർ പ്ലെയർ എന്ന വ്യവസ്ഥ ഉൾപ്പെടുത്താൻ കഴിയൂ. ക്രിക്കറ്റിൽ പതിനൊന്നംഗ ടീം എന്ന വ്യവസ്ഥയെ തന്നെ പൊളിച്ചെഴുതുന്നതാണ് പവർ പ്ലെയർ.
ഇപ്പോൾ മത്സരത്തിന് തൊട്ടുമുമ്പ് കളിക്കാനിറങ്ങുന്ന പതിനൊന്നംഗ ടീമിന്റെ പട്ടിക എല്ലാ ടീമുകളും പുറത്ത് വിടണമെന്നാണ് നിയമം. എന്നാൽ പവർ പ്ലെയർ വ്യവസ്ഥ നടപ്പിലായാൽ ടീമുകൾക്ക് പതിനൊന്നംഗ ടീമിനെ പ്രഖ്യാപിക്കേണ്ടതില്ല.15 അംഗ ടീമിന്റെ വിവരങ്ങൾ പുറത്ത് വിട്ടാൽ മതി. മത്സരത്തിന്റെ ഏത് സമയത്തും വിക്കറ്റ് വീഴുമ്പോഴും ഓവർ അവസാനിക്കുമ്പോഴും പവർ പ്ലെയറെ ഇറക്കാൻ ടീമുകൾക്ക് കഴിയും.
ഐ.പി.എല്ലിൽ ഉപയോഗിക്കുന്നതിന് മുമ്പ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിൽ പവർ പ്ലെയറെ പരീക്ഷിക്കാനാണ് ബി.സി.സി.ഐയുടെ നീക്കം.
നൊടിയിടയിൽ കളിമാറും
മത്സരത്തിന്റെ ഗതിയെ ഒറ്ര നിമിഷം കൊണ്ട് മാറ്രാൻ കഴിയുന്നതാണ് പവർ പ്ലെയർ എന്നാണ് ബി.സി.സി.ഐയുടെ വിലയിരുത്തൽ.
ഉദാഹരണം
കൊൽക്കത്തയ്ക്ക് അവസാന ഓവറിൽ ജയിക്കാൻ 20 റൺസ് വേണം. പതിനൊന്നംഗ ടീമിൽ ആന്ദ്രേ റസ്സൽ ഇല്ല. അദ്ദേഹം ഡഗൗട്ടിലുണ്ട്. എന്നാൽ പവർ പ്ലെയർ വ്യവസ്ഥ വന്നാൽ റസ്സലിനെ ക്യാപ്ടന് അവസാന ഓവറിൽ ബാറ്രിംഗിന് വിളിക്കാൻ കഴിയും. അദ്ദേഹത്തിന് അടിച്ച് പൊളിച്ച് കളി ജയിപ്പിക്കാം.
അതു പോലെതന്നെ മുംബയ്ക്ക് അവസാന ഓവറിൽ ജയിക്കാൻ ആറ് റൺസ് വിട്ടുകൊടുക്കാതിരിക്കണം. ഡഗൗട്ടിൽ പ്ലേയിംഗ് ഇലവനിൽ ഇല്ലാത്ത ജസ്പ്രീത് ബുംരയുണ്ട്. മുംബയ്ക്ക് 19-ാം ഓവറിന്റെ അവസാനം ബുംരയെ കളത്തിലിറക്കാനാകും.