ന്യൂഡൽഹി: വാളയാർ കേസിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ. കമ്മീഷന്റെ വാളയാർ സന്ദർശനത്തോട് സംസ്ഥാന സർക്കാർ സഹികരിച്ചില്ലെന്ന് കമ്മിഷൻ അംഗം യശ്വന്ത് ജയിൻ ആരോപിച്ചു.
സന്ദർശനം മുൻകൂട്ടി അറിയിച്ചിട്ടും മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളെ സർക്കാർ ബോധപൂർവ്വം മാറ്റിനിറുത്തി. കേസിലെ ആരോപണ വിധേയരെ രക്ഷിക്കാൻ പ്രോസിക്യൂട്ടറെ അടിക്കടി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വേണ്ട നിയമസഹായം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ ബാലാവകാശ കമ്മീഷൻ അംഗം യശ്വന്ത് ജയിനാണ് അടുത്തിടെ വാളയാറിൽ സന്ദർശനം നടത്തിയത്. എന്നാൽ പെൺകുട്ടിയുടെ മാതാപിതാക്കളെ അദ്ദേഹത്തിന് കാണാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം.
അതിനിടെ, വാളയാർ കേസിൽ പൊലീസ് പൂർണമായും പരാജയപ്പെട്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ പി.സുരേഷ് പറഞ്ഞു. പ്രോസിക്യൂട്ടർക്കും ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. സംഭവം നടന്ന വീടും പരിസരവും പോലും പ്രോസിക്യൂഷന്‍ സന്ദർശിച്ചില്ല. നിരക്ഷരരായ സാക്ഷികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയില്ലെന്നും അദ്ദേഹം വിമർശിച്ചു.