കോഴിക്കോട്: ബുളളറ്റ് തേടി പന്നിയങ്കര പൊലീസ് ഹൗസ് സ്റ്റേഷൻ ഓഫീസർ വി രമേശ് നടത്തിയ യാത്രയാണ് ആ അമ്മയെ കണ്ടെത്താൻ ഇടയാക്കിയത്. നവജാത ശിശുവിനെ പന്നിയങ്കര ഇസ്ളാഹിയ പള്ളി വളപ്പിൽ ഉപേക്ഷിച്ച അമ്മയിലെത്തിയത് അതിന്റെ അവസാനമാണ്.
ഒക്ടോബർ 28ന് രാവിലെയാണ് മൂന്ന് ദിവസം മുമ്പ് പ്രസവിച്ച പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയോടൊപ്പം ഉണ്ടായിരുന്ന കത്തിൽ കുഞ്ഞിന്റെ ജനനതിയതി ഉണ്ടായിരുന്നു.
കുഞ്ഞിന്റെ കയ്യിൽ ടാഗ് ഉണ്ടായിരുന്നത് കാരണം ആശുപത്രിയിൽ വച്ചാണ് പ്രസവം നടന്നതെന്ന നിഗമനത്തിൽ പൊലീസ് എത്തിയിരുന്നു. തുടർന്ന് നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും ആശുപത്രികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നിരാശയായിരുന്നു ഫലം. തുടർന്ന് മലപ്പുറം ജില്ലയിലെയും വയനാട് ജില്ലയിലെയും ആശുപത്രികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. അവിടെയും ഒരു തുമ്പും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല.
തുടർന്ന് പള്ളി പരിസരത്തെ കടകളിലെയും വീടുകളിലെയും സി സി ടി വി കാമറകൾ പൊലീസ് പരിശോധിച്ചു. ഒരു സ്ത്രീയും കുഞ്ഞുമായി പോകുന്നത് കണ്ടില്ല. ഇതിനിടയിലാണ് പള്ളിയിൽ നിന്ന് കുറച്ച് മാറിയുള്ള കാമറയിൽ ഒരു യുവാവും യുവതിയും ബുള്ളറ്റിൽ പോകുന്നത് കണ്ടത്. ബുള്ളറ്റിന്റെ ദിശ മനസ്സിലാക്കിയ പൊലീസ് അതേ ദിശയിലുള്ള മറ്റ് കാമറകൾ പരിശോധിച്ച് ബുള്ളറ്റിന്റെ നമ്പർ കണ്ടെത്തി.
തുടർന്ന് മോട്ടോർ വകുപ്പിന്റെ സഹായത്തോടെ ഉടമയെ കണ്ടെത്തി. എന്നാൽ പൊലീസ് എത്തും മുമ്പ് തന്നെ നവംബർ ഒന്നിന് ബുള്ളറ്റ് ഉടമ ഗൾഫിലേക്ക് കടന്ന് കളഞ്ഞിരുന്നു. പൊലീസ് നിരാശരായില്ല. അവർ ബുള്ളറ്റ് ഉടമയുടെ സൗഹൃദ വലയിലുള്ളവരെ ചോദ്യം ചെയ്തു.
ഇങ്ങനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് കരിപ്പൂർ കെ.എഫ്.സിയിൽ ജോലി ചെയ്യുന്ന സമയത്തെ പെൺസുഹൃത്തിനെ മനസിലാക്കാൻ സാധിച്ചത്. പിന്നീട് അവരുടെ മേൽവിലാസം തേടി തൃശൂരിൽ എത്തി.വീട് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ ഒക്ടോബർ 28ന് വീട്ടിൽ തിരിച്ചെത്തിയതായി അറിയാൻ കഴിഞ്ഞു.തുടർന്ന് പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയായിരുന്നു.ചോദ്യം ചെയ്യലിൽ യുവതിക്ക് അധിക നേരം പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. അവർ കുറ്റം സമ്മതിച്ചു. കേസിന് തുമ്പുണ്ടാക്കിയ ബുള്ളറ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കോഴിക്കോട് സൗത്ത് അസി.കമ്മിഷണർ എ.ജെ ബാബുവിന്റെ നിർദ്ദേശങ്ങളും എസ്.ഐ സദാനന്ദന്റെ സഹകരണവുമാണ് കേസ് തെളിയിക്കാൻ സഹായിച്ചതെന്ന് ഹൗസ് സ്റ്റേഷൻ ഓഫീസർ പറഞ്ഞു.