ബാങ്കോക്ക്: ആർ.സി.ഇ.പി കരാറിൽ സമവായമാവാത്ത സാഹചര്യത്തിൽ ഇന്ത്യ ഒപ്പുവയ്ക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യം ഇന്ത്യ ആസിയാൻ ഉച്ചകോടിയെ അറിയിച്ചു. കരാർ ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണ്. സേവന, നിക്ഷേപ മേഖലകൾ ഇന്ത്യയ്ക്കായി തുറക്കാൻ തയ്യാറാകണം. എന്നാൽ ചില രാജ്യങ്ങൾക്ക് അതിന് മടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കരാറിന്റെ ഭാഗമാകുന്നത് പിന്നീട് തീരുമാനിക്കുമെന്നും ഇന്ത്യ അറിയച്ചു. 15 രാജ്യങ്ങൾ അടുത്ത വർഷം ഒപ്പുവയ്ക്കുമെന്നാണ് പ്രഖ്യാപനം. ഇന്ത്യ ഉയർത്തിയ വിഷയങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും ആസിയാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതുപക്ഷ പാർട്ടികൾ നേരത്തെ കരാറിനെതിരെ രംഗത്തെത്തിയിരുന്നു
കരാർ ഒപ്പിട്ടാൽ ഉടൻ 28 ശതമാനം വസ്തുക്കളുടെ തീരുവ പൂജ്യത്തിലേക്കെത്തണം. ആസിയാൻ രാജ്യങ്ങൾ, ജപ്പാൻ എന്നിവയുമായുള്ള വ്യാപാരത്തിലെ 90 ശതമാനം ചരക്കുകളുടെയും തീരുവ ഇല്ലാതാക്കുന്നതിന് ഇന്ത്യയ്ക്കുമേൽ സമ്മർദ്ദമുണ്ട്. നിലവിൽ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഇല്ലാത്ത ചൈന, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളുമായുള്ള വ്യാപാരത്തിലെ 80 മുതൽ 86 ശതമാനം വസ്തുക്കളുടെ തീരുവ ഇല്ലാതാക്കാനും സമ്മർദ്ദമേറുന്നു. ഇതൊക്കെ കാർഷികമേഖലയ്ക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് ഇടത് പാർട്ടികൾ വ്യക്തമാക്കിയിരുന്നു