bineesh

കൊച്ചി: ബിനീഷ് ബാസ്റ്റിൻ കൈ നീട്ടിയപ്പോൾ ഇരുകൈകളും വിടർത്തി ആലിംഗനം ചെയ്തു സംവിധായകൻ അനിൽ രാധാകൃഷ്ണമേനോൻ. ബിനീഷ് നിറഞ്ഞുചിരിച്ചു. സോഷ്യൽമീഡിയയിലൂടെ കത്തിപ്പടർന്ന ബിനീഷ്- അനിൽ വിവാദത്തിന് പരിസമാപ്തി. പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ പരിപാടിയിലുണ്ടായ പ്രശ്‌നം ഫെഫ്ക ഭാരവാഹികളുടെ മദ്ധ്യസ്ഥതയിൽ ചർച്ച നടത്തി പരിഹരിച്ച ശേഷം മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയതായിരുന്നു ഇരുവരും. എന്നാൽ അനിലിന്റെ സിനിമകളിൽ അഭിനയിക്കില്ല എന്ന മുൻനിലപാടിൽ ബിനീഷ് ഉറച്ചുനിന്നു. സിനിമയിൽ അഭിനയിക്കില്ലെന്ന് ബിനീഷ് പറഞ്ഞത് വ്യക്തിപരമാണെന്നും ഇരുവരുമായുള്ള സൗഹൃദത്തെ അത് ബാധിക്കില്ലെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ തിരുത്തി. തങ്ങൾക്കിടയിൽ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞു. ബിനീഷിന് തെറ്റിദ്ധാരണ ഉണ്ടാകാൻ ഇടയാകും വിധം പെരുമാറേണ്ടിവന്നതിൽ അനിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചപോലെ ജാതീയമായ അധിക്ഷേപം ഉണ്ടായിട്ടില്ലെന്നും ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. അനിലിന്റെ ഭാഗത്തുനിന്ന് ജാതീയമായ അധിക്ഷേപം ഉണ്ടായതായി ബിനീഷിനോ കോളേജ് യൂണിയൻ ഭാരവാഹികൾക്കോ തോന്നിയിട്ടില്ല. സോഷ്യൽ മീഡിയയിൽ വിഷയം ചർച്ചയായപ്പോഴാണ് ജാതീയതയുടെ അതിവായന ഉണ്ടായത്. ചാൻസ് ചോദിച്ച് നടക്കുന്ന നടനോടൊപ്പം വേദി പങ്കിടില്ലെന്ന് അനിൽ പറഞ്ഞിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. അതിനെ ദുർവ്യാഖ്യാനം ചെയ്യാനിടയായതിൽ അനിലിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായി. ഇക്കാര്യങ്ങൾ പരസ്പരം സംസാരിച്ച് രമ്യതയിലെത്തിയിട്ടുണ്ട്. മുമ്പത്തെക്കാളും ഊഷ്മളമായ സൗഹൃദം ഇവർക്കിടയിൽ തുടരും. ഫെഫ്ക പ്രസിഡന്റ് സിബി മലയിലും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.