svsena-

മുംബയ് : മഹാരാഷ്ട്രയിൽ ബി.ജെ.പിയെ ഒഴിവാക്കി സർക്കാർ രൂപീകരിക്കാൻ ശിവസേന നിർണായകനീക്കം നടത്തുന്നതിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വതന്ത്ര എം.എൽ.എ. ബി.ജെ.പി സർക്കാർ രൂപീകരിക്കാൻ രൂപീകരിക്കാൻ 25 ശിവസേന എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് ബി.ജെ.പിക്ക് പിന്തുണ നൽകിയ സ്വതന്ത്ര എം.എൽ.എ രവി റാണ പറഞ്ഞു. അമരാവതി ജില്ലയിലെ ബദ്‌നേര മണ്ഡലത്തിലെ എം.എല്‍.എയാണ് രവി റാണ.

ശിവസേന വളരെ ധാർഷ്ട്യമുള്ള പാർട്ടിയാണെന്നും ഉദ്ധവ് താക്കറെ നയിക്കുന്ന പാർട്ടി പിളരുമെന്നും രവി റാണ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കുങ്കുമ സഖ്യമില്ലാതെ അടുത്ത സർക്കാർ രൂപീകരിച്ചാൽ രണ്ട് ഡസനോളം സേന എം.എൽ.എമാർ ബി.ജെ.പിയിൽ ചേരുമെന്നും രവിറാണ അവകാശപ്പെട്ടു.

ശിവസേനയിലെ 25 എം.എൽ.എമാർ സര്‍ക്കാര്‍ രൂപീകരണത്തിനായി എന്നോട് ബന്ധപ്പെട്ടിട്ടുണ്ട്. ശിവസേനയില്ലാതെ ഫഡ്നാവിസ് ഒരു സർക്കാര്‍ രൂപീകരിക്കുകയാണെങ്കിൽ, അടുത്ത രണ്ട് മാസത്തിനുള്ളിൽ സേന പിളരുകയും 25 എം.എൽ.എമാർ ബി.ജെ.പിയിൽ ചേരുകയും ചെയ്യും.’- രവി റാണ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ശിവസേന വളരെ അഹങ്കാരമുള്ള പാർട്ടിയായി മാറിയെന്നും ഫഡ്‌നാവിസ് ഇത് പരിശോധിക്കേണ്ടതുണ്ടെന്നും റാണ പറഞ്ഞു.

അതേസമയം, മഹാരാഷ്ട്രയില്‍ വീണ്ടും തിരഞ്ഞെടുപ്പു നടത്തണമെന്ന് ബി.ജെ.പി ടൂറിസം മന്ത്രി ജയകുമാർ റാവൽ ആവശ്യപ്പെട്ടിരുന്നു. ശിവസേനക്കൊപ്പം സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിക്കുന്നതിൽ പാർട്ടി പ്രവർത്തകർക്ക് താത്പ്പര്യമില്ലെന്നും ജയകുമാർ പറഞ്ഞിരുന്നു.