തിരുവനന്തപുരം: ജീവിതത്തിന്റെ ഓരോ മേഖലയിലും ഓരേ കർമ്മവും അതിന്റെ പൂർണതയോടെ, നല്ല ചിന്തയോടെ പ്രവർത്തിച്ചാൽ അതിന്റെ ഫലം അവർക്ക് ലഭിച്ചുകൊണ്ടിരിക്കുമെന്ന് എ.പി.ജെ. അബ്ദുൾകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. രാജശ്രീ.
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ എയ്ഡഡ് മേഖലയിലെ സ്കൂളുകളിലെ പത്താംക്ലാസ് വിദ്യാർത്ഥികൾക്കായി തിരുവനന്തപുരം വൈ.എം.സി.എയുടെയും കോളേജ് ഓഫ് എൻജിനിയറിംഗ് 1987-91 ബാച്ച് പൂർവ്വവിദ്യാർത്ഥി സംഘടനയായ ലൈറ്റ് ഹൗസിന്റെയും സംയുക്തസംരഭമായ ഇ -മാപ്സ് ( എക്സാം മെന്ററിംഗ് ആൻഡ് അസിസ്റ്റൻസ് പ്രോഗ്രാം ഫോർ സ്റ്റുഡന്റ്സ് ) പദ്ധതിയുടെ ഈ വർഷത്തെ പരിശീലന പരമ്പര ഫോർട്ട് മിഷൻ ഗേൾസ് ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂടിയായ ഡോ. രാജശ്രീ.
തുടർച്ചയായി നാലാംവർഷം നടപ്പാക്കുന്ന ഈ പദ്ധതി ജില്ലയിലെ ഗ്രാമീണ മേഖലയിലെ ഉൾപ്പെടെ 14 ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിലായി ഏകദേശം 1500 വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുംവിധം വ്യാപിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വൈ.എം.സി.എ പ്രസിഡന്റ് ജെയിംസ് ജോസഫ്, വൈ.എം.സി.എ ഹൈസ്കൂൾ പ്രോഗ്രാംസ് ചെയർമാൻ ബെൻസി വി. തോമസ്, ലൈറ്റ് ഹൗസ് ചെയർപേഴ്സൺ ഡോ. ഗിരിജ, സെക്രട്ടറി ഷിബു മാത്യു, ഹെഡ്മിസ്ട്രസ് മറിയാമ്മ മാത്യു, പി.ടി.എ പ്രസിഡന്റ് കൃഷ്ണകുമാർ, വൈ.എം.സി.എ സെക്രട്ടറി ബിറ്റി വർഗീസ് എന്നിവർ സംസാരിച്ചു. തിരുവനന്തപുരം ടീം അക്കാഡമി ഡയറക്ടർ ഫാ. ഗീവർഗീസ് മേക്കാട്ട് ക്ലാസുകൾക്ക് നേതൃത്വം നൽകി.