മുംബയ്: സർക്കാർ രൂപീകരണവുമായി അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ എൻ.സി.പിയുടെ നിലപാട് വ്യക്തമാക്കി പാർട്ടി അദ്ധ്യക്ഷൻ ശരത് പവർ രംഗത്ത്. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കേണ്ടത് ബി.ജെ.പിയാണ് ശിവസേന തലവൻ ഉദ്ധവ് താക്കറെ എൻ.സി.പിയുടെ സഹായം തേടിയിട്ടില്ലെന്നും പവാർ പറഞ്ഞു. അതേസമയം സർക്കാർ രൂപീകരണത്തിൽ എൻ.സി.പിയുടെ പങ്കാളിത്തം ഉണ്ടാകുമോ എന്ന കാര്യ വ്യക്തമാക്കിയിട്ടില്ല.
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി മടങ്ങിവരാനുള്ള സാധ്യതയും പവാർ നിഷേധിച്ചു. എൻ.സി.പിക്ക് ജനങ്ങൾ നൽകിയ കൽപ്പന പ്രതിപക്ഷത്ത് ഇരിക്കാനാണ്. എന്നാൽ ഭാവിയെക്കുറിച്ച് സംസാരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബി.ജെ.പി സർക്കാർ രൂപീകരിക്കാൻ 25 ശിവസേന എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി സ്വതന്ത്ര എം.എൽ.എ രവി റാണ രംഗത്തെത്തി.
ശിവസേന വളരെ ധാർഷ്ട്യമുള്ള പാർട്ടിയാണെന്നും ഉദ്ധവ് താക്കറെ നയിക്കുന്ന പാർട്ടി പിളരുമെന്നും രവി റാണ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കുങ്കുമ സഖ്യമില്ലാതെ അടുത്ത സർക്കാർ രൂപീകരിച്ചാൽ രണ്ട് ഡസനോളം സേന എം.എൽ.എമാർ ബി.ജെ.പിയിൽ ചേരുമെന്നും രവിറാണ അവകാശപ്പെട്ടു. ശിവസേനയില്ലാതെ ഫഡ്നാവിസ് ഒരു സർക്കാര്‍ രൂപീകരിക്കുകയാണെങ്കിൽ, അടുത്ത രണ്ട് മാസത്തിനുള്ളിൽ സേന പിളരുകയും 25 എം.എൽ.എമാർ ബി.ജെ.പിയിൽ ചേരുകയും ചെയ്യും.’- രവി റാണ പറഞ്ഞു.