ഗൾഫ് രാജ്യങ്ങളിൽ വീട്ടുജോലിക്കെന്നപേരിൽ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതിന് ഗൂഗിൾ, ആപ്പിൾ ആപ്ലിക്കേഷനുകളും ഫേസ്ബുക്കും ഉപയോഗിക്കുന്നുവെന്ന് ആരോപണം. ബി.ബി.സിയുടെ അറബി വാർത്താവിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ.
നിരവധി സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുകളാണ് ഓൺലൈൻ അടിമ വ്യാപാരത്തിൽ സജീവമായിരിക്കുന്നത്. ഈ ആപ്ലിക്കേഷനുകൾ വഴി 3000 പൗണ്ട് മുടക്കി (ഏകദേശം 2.73 ലക്ഷം രൂപ) സ്ത്രീകളെ വാങ്ങാനാകും. ഓൺലൈനിൽ അടിമ വ്യാപാരം പ്രോത്സാഹിപ്പിക്കുകയാണ് ഇവർ ചെയ്യുന്നതെന്ന് അടിമത്വത്തിനെതിരായ യു.എൻ പ്രത്യേക വക്താവ് ഉർമ്മിള ഫൂലെ പറഞ്ഞു. ഗൂഗിളും ആപ്പിളും ഫേസ്ബുക്കും പോലുള്ള കമ്പനികൾക്കും ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞു നിൽക്കാനാകില്ലെന്നും ഇവർ വ്യക്തമാക്കി.
ബിബിസി അന്വേഷണത്തിൽ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിൽ സ്വകാര്യ സന്ദേശങ്ങൾ വഴിയാണ് കച്ചവടങ്ങൾ നടക്കുന്നത്. വാർത്ത വിവാദമായതോടെ തങ്ങളുമായി ബന്ധമുള്ള ആപ്ലിക്കേഷനുകൾ വഴിയുള്ള അടിമ കച്ചവടം നിർത്താൻ ഗൂഗിളും ആപ്പിളും നടപടി ആരംഭിച്ചു. തങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമാണ് ഇത്തരം പ്രവർത്തികളെന്നും കമ്പനികൾ വ്യക്തമാക്കി..
ഗൾഫ് രാജ്യത്ത് പുതുതായി താമസത്തിനെത്തിയ ദമ്പതികളുടെ വേഷത്തിലാണ് ബി.ബി.സി സംഘം അന്വേഷണം നടത്തിയത്. ജോലിക്കാരിക്ക് വേണ്ടി ഇവർ വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ അന്വേഷിച്ചു. പലയിടത്ത് നിന്നും ഇടനിലക്കാരുടെ സന്ദേശങ്ങൾ ലഭിക്കുകയും ചെയ്തു. വൃത്തിയുള്ള പുഞ്ചിരിക്കുന്ന ആഫ്രിക്കക്കാരിയെന്നും ഒരു ദിവസം പോലും അവധിയെടുക്കാതെ പണിയെടുക്കുന്ന നേപ്പാളിയെന്നുമുള്ള വിശേഷണത്തിൽ ഇടനിലക്കാർ ജോലിക്കാരെ വിൽക്കാനെത്തുകയും ചെയ്തു.
സ്വന്തം വീട്ടു ജോലിക്കാരെ കൂടുതൽ ലാഭത്തിന് വിൽക്കാനായി ചിലർ നേരിട്ട് വരികയും ചെയ്തു. പൊലീസുകാരനെന്ന് സ്വയം വിശേഷിപ്പിച്ച ഒരാൾ ഇത്തരത്തിൽ സ്വന്തം ജോലിക്കാരിയെ വിൽക്കാൻ ശ്രമിച്ചത് നന്നായി പെരുമാറുന്ന ഒരിക്കലും പരാതിപ്പെടാത്ത എന്നും പറഞ്ഞായിരുന്നു. പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നിന്നുള്ള 16കാരിയെ വാങ്ങാനുള്ള അവസരവും ബി.ബി.സി സംഘത്തിന് ലഭിച്ചു.
ഭൂരിഭാഗം ഗൾഫ് രാജ്യങ്ങളിലും വീട്ടുജോലിക്കാരെ ഏജൻസികൾ വഴിയാണ് ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്യുന്നത്. ഈ ഏജൻസികളാണ് വീട്ടുകാർക്ക് ജോലിക്കാരെ നല്‍കുന്നത്. ഈ വേലക്കാർക്ക് ഉടമയുടെ സമ്മതമില്ലാതെ ജോലിയിൽനിന്നും രാജിവെക്കാനോ രാജ്യം വിട്ടുപോകാനോ യാതൊരു അവസരവുമുണ്ടാകില്ല.