ഗുണ്ടൂർ: ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ കേരളത്തിന്റെ അപർണ റോയ് അണ്ടർ 20 പെൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ മീറ്റ് റെക്കാഡോടെ സ്വർണം നേടി. 14.00 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അപർണ മീറ്റ് റെക്കാഡ് തിരുത്തിയത്. 2017ൽ സ്വപ്ന കുമാരി സ്ഥാപിച്ച റെക്കാഡാണ് അപർണ പഴങ്കഥയാക്കിയത്. മൂന്ന് ദിവസത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ കേരളം മൂന്നാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് വീണു. 188.500 പോയിന്റാണ് കേരളത്തിന്റെ സമ്പാദ്യം. 272.500 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ ഹരിയാന തന്നെയാണ് പോയിന്റ് ടേബിളിൽ മുന്നിലുള്ളത്. തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ.
അണ്ടർ 20 ആൺകുട്ടികളുടെ പോൾവോൾട്ടിൽ ഹരിയാനായുടെ പ്രശാന്ത് സിംഗ് കനയ്യ 33 വർഷം മുമ്പുള്ള റെക്കാഡ് തകർത്ത് സ്വർണം നേടി. 5.05 മീറ്റർ ക്ലിയർ ചെയ്താണ് പ്രശാന്ത് റെക്കാഡ് തിരുത്തിയത്. അണ്ടർ 16 ആൺകുട്ടികളുടെ ഹർഡിൽസിൽ കേരളത്തിന്റെ വിശ്വജിത്ത്.കെ (13.67 സെക്കൻഡ്) സ്വർണം നേടി. അണ്ടർ 18 പെൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ 12.38 മീറ്റർ ചാടി അനു മാത്യു സ്വർണം സ്വന്തമാക്കി.
അണ്ടർ 20 പെൺകുട്ടികളുടെ 4-100 മീറ്രർ റിലേയിൽ കേരളം മീറ്റ് റെക്കാഡോടെ സുവർണ ഫിനിഷ് നടത്തി. 41.28 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അപർണ, സോഫിയ, അഞ്ജലി, മൃദുല എന്നിവരുൾപ്പെട്ട ടീം പുതിയ റെക്കാഡ് കുറിച്ചത്. ഈ ഇനത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിലും കേരളത്തിനാണ് സ്വർണം. അണ്ടർ18 പെൺകുട്ടികളുടെ ഹാമർ ത്രോയിൽ കെസിയ മറിയം ബെന്നി, അണ്ടർ16 പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ നയന ജോസ് എന്നിവർ ഇന്നലെ കേരളത്തിനായി വെള്ളി നേടി.