തിരുവനന്തപുരം: ചാലയ്ക്ക് ഇന്നും കാര്യമായ മാറ്റമൊന്നുമില്ല. പ്രധാന വീഥിയിൽ നല്ല തിരക്കാണ്. പച്ചക്കറി വ്യാപാരം നടക്കുന്നിടത്തും പലവ്യഞ്ജന വ്യാപാരം നടക്കുന്നിടത്തും മാത്രം പഴയതു പോലെ തിരക്കില്ലെന്നതാണ് ഏക വ്യത്യാസം. ചാലയ്ക്ക് വികസനത്തിന്റെ പുതിയ മുഖം നൽകുമെന്ന് പറഞ്ഞ് കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പദ്ധതികളൊക്കെ ആദ്യ ഘട്ടം പൂർത്തിയാകും മുമ്പു തന്നെ ഉപേക്ഷിച്ച മട്ടാണ്.
പൈതൃകത്തെരുവ്, സ്മാർട്ട് സിറ്റി എന്നീ പദ്ധതികളിലൂടെ ചാലയിൽ വൻ വികസനം നടപ്പിലാക്കുമെന്നാണ് സർക്കാരും നഗരസഭയും പറഞ്ഞിരുന്നത്. എന്നാൽ ചാലയുടെ മുഖം മാറിയില്ല. 2018 നവംബർ ഒന്നിന് നിർമ്മാണം തുടങ്ങാൻ തീരുമാനിച്ചപ്പോൾ പദ്ധതിയുടെ ഒന്നാം ഘട്ടം നാലുമാസത്തിനുള്ളിൽ തീർക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഒന്നും നടന്നില്ല. കാര്യങ്ങൾ കൃത്യമായി മുന്നോട്ടു പോയിരുന്നെങ്കിൽ മാർച്ചിനു മുമ്പ് ഉദ്ഘാടനം നടക്കേണ്ടതായിരുന്നു.
പച്ചക്കറി മാർക്കറ്റ്, അമിനിറ്റി സെന്റർ, പ്രധാന കവാടം എന്നിവയാണ് ഒന്നാംഘട്ടത്തിലുൾപ്പെടുത്തിയിരുന്നത്. ഓണത്തിനു മുമ്പ് ഇവയുടെ നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇപ്പോൾ പച്ചക്കറി മാർക്കറ്റിന്റെ നിർമ്മാണം മാത്രമാണ് പൂർത്തിയായത്. നിർമ്മാണത്തിന് കല്ലിട്ടിട്ട് ഒരാണ്ട് കഴിഞ്ഞു. ഇനി ഈയാണ്ടിലെങ്കിലും ഒന്നാം ഘട്ടം പൂർത്തിയാകുമോയെന്ന് കണ്ടറിയണം.
സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പൈതൃകത്തെരുവ് പദ്ധതിയും കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്മാർട്ട് സിറ്റിയും കൂടിക്കുഴഞ്ഞതാണ് പദ്ധതി ആദ്യനാളുകളിൽ ഇഴയാൻ കാരണം. എന്നാൽ സെപ്തംബറിൽ രണ്ടു പദ്ധതികളുടെയും മേൽനോട്ടമുള്ള ടൂറിസം വകുപ്പിന്റെ ഡയറക്ടർ ബാലകിരൺ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു കൂട്ടി രണ്ടു പദ്ധതികളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് കൃത്യമായി വേർതിരിച്ചു.
പൈതൃകത്തെരുവ് പദ്ധതിയും സ്മാർട്ട് സിറ്റിയും ഏകോപിപ്പിച്ച് വികസന വേഗം നൽകാനായിരുന്നു അന്ന് കൈക്കൊണ്ട തീരുമാനം. എന്നാൽ പ്രതീക്ഷിച്ച വേഗതയുണ്ടായില്ലന്നു മാത്രമല്ല, എല്ലാം നിലയ്ക്കുകയും ചെയ്തു. പൈതൃകത്തെരുവ് പദ്ധതിയുടെ നിർവഹണച്ചുമതല വഹിച്ചിരുന്ന ഹാബിറ്റാറ്റ് പച്ചക്കറി മാർക്കറ്റിന്റെ നിർമ്മാണം മാത്രം പൂർത്തിയാക്കി. എന്നാൽ അവിടേക്ക് പച്ചക്കറി കച്ചവടക്കാരെ മാറ്റിയില്ല. അവരിപ്പോഴും പൊരിവെയിലത്തിരുന്നാണ് കച്ചവടം ചെയ്യുന്നത്.
സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ചാലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇതുവരെ ടെൻഡർ അനുവദിച്ചിട്ടില്ല. കാലം ആവശ്യപ്പെടുന്ന മാറ്റം എല്ലാവരും കൊതിക്കുമ്പോൾ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് എല്ലാം തകിടംമറിച്ചിരിക്കുന്നത്.
60 കോടി രൂപ ചെലവിൽ ചാല നവീകരിക്കുന്നതാണ് സ്മാർട്ട് സിറ്റി പദ്ധതി. ചാലയിലേക്കുള്ള ഇലക്ട്രിസിറ്റി ലൈനുകളെല്ലാം ഭൂമിക്കടിയിലൂടെ ആക്കുന്നതുൾപ്പെടെയുള്ള പദ്ധതി കഴിഞ്ഞ മാർച്ച് അഞ്ചിന് ഉദ്ഘാടനം ചെയ്തതാണ്. 17 ചെറിയ പദ്ധതികൾക്ക് ടെൻഡറായെങ്കിലും വമ്പൻ പദ്ധതിയായ ചാല വികസന പദ്ധതിയുടെ ടെൻഡർ നടപടികൾ നീണ്ടുപോകുകയായിരുന്നു.
കേബിളുകൾ ഭൂമിക്കടിയിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള റോഡ് നിർമ്മാണം പൈതൃകത്തെരുവ് പദ്ധതിയിൽ നിന്നു എടുത്തുമാറ്റാനും അത് സ്മാർട്ട് സിറ്റി വഴി നടപ്പിലാക്കാനുമാണ് ഏറ്റവും ഒടുവിൽ കൈക്കൊണ്ട തീരുമാനം. ചാല ഉൾപ്പെടെയുള്ള സ്മാർട്ട് സിറ്റി പ്രദേശത്തെ റോഡുകളുടെ നിർമ്മാണത്തിനായി എൻ.ഒ.സി കിട്ടുന്നതിനായി ടൂറിസം വകുപ്പ് പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയിരുന്നു. അതിലും തീരുമാനമായിട്ടില്ല
ചാലയിൽ പൈതൃകത്തെരുവ്
കെട്ടിട നിർമ്മാണം, റോഡ് സൗന്ദര്യവത്കരണം, കവാടങ്ങളുടെ നിർമ്മാണം, അമിനിറ്റി സെന്റർ
പൂർത്തിയായത് - 110 കടകളുടെ നിർമ്മാണം
സ്മാർട്ട് സിറ്റി
റോഡുകളുടെ നിർമ്മാണം, നടപ്പാത, അടിയിൽ വൈദ്യുത കേബിളുകൾ, വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ, ബി.എസ്.എൻ.എൽ കേബിളുകൾ, ഡ്രെയിനേജ് ലൈൻ എന്നിവയ്ക്ക് സൗകര്യമൊരുക്കൽ.
പൂർത്തിയായവ/തുടങ്ങിയവ - 0
ആകെ റോഡുകൾ
റോഡുകളിൽ 22 എണ്ണം പൊതുമരാമത്ത് വകുപ്പിന്റെയും 15 എണ്ണം വകുപ്പിന്റെ തന്നെ കീഴിലുള്ള ടി.ആർ.ഡി.സി.എല്ലിന്റേതുമാണ്.
പദ്ധതിക്ക് പണം ഇങ്ങനെ
പൈതൃകത്തെരുവ്
10 കോടി
സ ്മാർട്ട് സിറ്റി 60 കോടി
ചാലയിലെ കച്ചവടക്കാർ വളരെ പ്രതീക്ഷയോടെയാണ് വികസന പദ്ധതികളെ കണ്ടിരുന്നത്. കല്ലിട്ട് ഒരു കൊല്ലം കഴിഞ്ഞിട്ടും നിർമ്മാണം ഒരു ഘട്ടം പോലും കഴിയാത്തത് അവരെ നിരാശരാക്കുന്നതാണ്. സർക്കാർ വകുപ്പുകൾ പദ്ധതിയുമായി സഹകരിക്കാത്തതാണ് പ്രശ്നമെന്നാണ് മനസിലാക്കുന്നത്.- എസ്.കെ.പി. രമേശ്, കൗൺസിലർ, ചാല