തിരുവനന്തപുരം: ഇരുട്ടായാൽ പാളയം അയ്യങ്കാളി ഹാളിന് മുന്നിലെ ബസ് സ്റ്രോപ്പിൽ ബസ് കാത്തുനിൽക്കാൻ കൈയിൽ ടോർച്ച് കരുതുന്നതാണ് നല്ലത്. വരുന്ന ബസിന്റെ ബോർഡ് പോലും വായിക്കാൻ കഴിയാത്തവിധം കൂരിരുട്ടാണിവിടെ. യൂണിവേഴ്സിറ്റി കോളേജ് മുതൽ ആശാൻ സ്ക്വയർ വരെയുള്ള ഭാഗത്തെ തെരുവുവിളക്കുകൾ കത്താതായിട്ട് നാളേറെയായി. ആകെയുള്ള വെളിച്ചം, വരുന്ന വാഹനങ്ങളുടെയും സമീപത്തെ ഹോട്ടലുകളിലെയും യൂണിവേഴ്സിറ്റി കോളേജ് ലൈബ്രറിയിലെ ലൈറ്റുകളിലേതും മാത്രം.
വിദ്യാർത്ഥികളും സ്ത്രീകളുമടക്കം നൂറുകണക്കിനാളുകളാണ് ഇരുട്ടിക്കഴിഞ്ഞാലും ഈ പരിസരത്ത് ബസ് കാത്തുനിൽക്കുന്നത്. രാത്രി 10 മണിയായാലും ഇവിടെ ആളൊഴിയാറില്ല. സമീപത്ത് ഹോട്ടലുകളുള്ളതിനാൽ ഓൺലൈൻ ഭക്ഷണവിതരണക്കാരുടെ കേന്ദ്രം കൂടിയാണിവിടം. രാത്രിയായാൽ തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. ബസ് സ്റ്റോപ്പ് നായ്ക്കൾ കൈയടക്കുന്നതിനാൽ ബസിനായി കാത്തുനിൽക്കുന്നവർ റോഡിലിറങ്ങി നിൽക്കേണ്ട അവസ്ഥയാണ്. ഇരുട്ട് കനക്കുമ്പോൾ സാമൂഹ്യ വിരുദ്ധരും പരിസരം കൈയടക്കുന്നതായി പരാതികളുണ്ട്. റോഡിന്റെ ഇരു വശങ്ങളിലും ഒഴിഞ്ഞ മദ്യക്കുപ്പികൾ ഇവിടെ സ്ഥിരം കാഴ്ചയാണ്.
ചാക്ക, ജനറൽ ആശുപത്രി, കുമാരപുരം, ശംഖുംമുഖം, കരിക്കകം, ജഗതി, പൂജപ്പുര തുടങ്ങി നിരവധി സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന ബസ് സ്റ്രോപ്പാണിത്. യൂണിവേഴ്സിറ്റി കോളേജ്, ലൈബ്രറി, ആരാധനാലയങ്ങൾ, എം.എൽ.എ ഹോസ്റ്റൽ എന്നിവയുള്ള ഈ പ്രദേശത്ത് വെളിച്ചം വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.