തിരുവനന്തപുരം: ജയരാജൻ മിനിസ്റ്ററേ, ഇ-ആട്ടോ കൊള്ളാലോ. ഇതിലിരിക്കാൻ സുഖമുണ്ട്. ശബ്ദം അറിയുന്നതേയില്ല. ഈ യാത്ര ഏതായാലും കൊള്ളാം - സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞപ്പോൾ വ്യവസായ മന്ത്രി ഇ.പി. ജയരാജനും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും തലകുലുക്കി സമ്മതിച്ചു. മന്ത്രിമാർക്കും എം.എൽ.എമാർക്കും നഗരപരിധിക്കുള്ളിലെ പരിപാടികൾക്ക് വേണമെങ്കിൽ യാത്ര ഇതിലാക്കാമെന്നും സ്പീക്കർ പറഞ്ഞു. കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ആട്ടോയായ ഇ ആട്ടോ പുറത്തിറക്കിയ ശേഷം നിയമസഭയിലേക്ക് യാത്ര ചെയ്യുകയായിരുന്നു മൂവരും.
ഇന്നലെ എം.എൽ.എ ഹോസ്റ്റലിലെ നിള ബ്ലോക്കിന് മുന്നിൽ നിന്നാണ് സ്പീക്കറും മന്ത്രിമാരും മറ്റ് എം.എൽ.എമാരും നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ആട്ടോയിൽ യാത്ര ചെയ്തത്. 10 ആട്ടോകളാണ്, നെയ്യാറ്റിൻകരയിലെ പൊതുമേഖലാ സ്ഥാപനമായ കേരള ആട്ടോമൊബൈൽസ് എം.എൽ.എമാരുടെ യാത്രയ്ക്കായി എത്തിക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാൽ ബാറ്ററി എത്താൻ അപ്രതീക്ഷിത കാലതാമസം നേരിട്ടതിനാൽ ഏഴെണ്ണമേ എത്തിയുള്ളൂ. ഇന്നലെ രാവിലെ 8.15നാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. വെളുത്ത നിറത്തിലുള്ള നീംജി ആട്ടോറിക്ഷകൾ നിള ബ്ളോക്കിന് മുന്നിൽ നിറുത്തിയിട്ടിരുന്നു. നെയ്യാറ്റിൻകര എം.എൽ.എ കെ. ആൻസലനും കെ.എ.എൽ എം.ഡി ഷാജഹാനും സ്ഥലത്തുണ്ടായിരുന്നു. ആകാശനീല നിറത്തിലുള്ള ടീഷർട്ടും പാന്റ്സും തിരിച്ചറിയൽ കാർഡുമണിഞ്ഞ ഡ്രൈവർമാരും റെഡി. നേരത്തേയെത്തിയ മാദ്ധ്യമപ്രവർത്തകരും ചാനൽ കാമറാമാന്മാരും ഇ-ആട്ടോയുടെ ചിത്രം പകർത്തുന്നുണ്ടായിരുന്നു.
7.45ഓടെ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ നിളയിലെത്തി. കാറിൽ നിന്നിറങ്ങിയ മന്ത്രി ആട്ടോയുടെ അടുത്തെത്തി. എല്ലാവരെയും കൈവീശി കാണിച്ച ശേഷം ആട്ടോകളിലൊരെണ്ണത്തിൽ മന്ത്രി കയറി. പിൻസീറ്റിൽ അമർന്നിരുന്നു. ലോഫ്ളോർ ബസിലൊക്കെ കാണുന്നത് പോലത്തെ സിംഗിൾ സീറ്റുകളാണല്ലോയെന്ന് മന്ത്രിയുടെ കമന്റ്. ഇതിനിടെ ഫോട്ടോഗ്രാഫർമാരുടെ ഫ്ളാഷുകൾ തുരുതുരെ മിന്നി. അല്പം കഴിഞ്ഞപ്പോൾ വ്യവസായമന്ത്രി ഇ.പി. ജയരാജൻ എത്തി. ശശീന്ദ്രനും കെ.എ.എൽ എം.ഡിയുമായി ചെറിയ ചർച്ച. എത്ര ആട്ടോറിക്ഷ ഒരു വർഷം ഇറക്കുമെന്ന് മന്ത്രി ഇ.പി ചോദിച്ചപ്പോൾ 8000 എന്ന് എം.ഡി മറുപടി നൽകി. ഇതിനിടെ മിനിസ്റ്ററേ വാ നമുക്കൊന്ന് ഇരുന്നുനോക്കാമെന്ന് ശശീന്ദ്രൻ. പിന്നാലെ ഇരുവരും ആട്ടോയിൽ കയറി, കെ.എ.എൽ ചെയർമാൻ കരമന ഹരിയും ഒപ്പംകയറി.
8.20 ആയപ്പോഴേക്കും സ്പീക്കർ പി. ശ്രീരാമകൃഷ്ണനെത്തി. തുടർന്ന് നിള ബ്ളോക്ക് അങ്കണത്തിൽ ആട്ടോ പുറത്തിറക്കുന്ന ലളിതമായ ഉദ്ഘാടനചടങ്ങ്. സ്വാഗതം ആശംസിച്ച കരമന ഹരി മുഖ്യമന്ത്രിയെയും വ്യവസായ - ഗതാഗത മന്ത്രിമാരെയും പ്രശംസിച്ചു. തന്നെക്കുറിച്ച് പറഞ്ഞപ്പോൾ ഉം പൊക്കിപ്പറയുന്നുണ്ടെന്ന് ചിരിച്ചുകൊണ്ട് ജയരാജന്റെ കമന്റ്. ആട്ടോറിക്ഷ മാത്രമല്ല മറ്റ് വാഹനങ്ങളും നിർമ്മിക്കുന്നതിനുള്ള നടപടികളിലേക്ക് കെ.എ.എൽ കടന്നിരിക്കുകയാണെന്ന് അദ്ധ്യക്ഷനായ മന്ത്രി ജയരാജൻ പറഞ്ഞു. അധികം താമസിയാതെ ഇ-വാഹന മേഖലയിൽ കേരളം ഒരു കുതിച്ചുചാട്ടം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗതാഗത രംഗത്ത് വിപ്ളവം സൃഷ്ടിക്കുന്ന വലിയൊരു സംരംഭത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് സ്പീക്കർ പറഞ്ഞു. എം.എൽ.എ ഹോസ്റ്റലിൽ നിന്നുതന്നെ ഇത് തുടങ്ങാനായത് അഭിമാനകരമാണ്.
കുറഞ്ഞ ചെലവിൽ ഇത്തരമൊരു സംരംഭം യാഥാർത്ഥ്യമാക്കാൻ ഒരു പൊതുമേഖലാ സ്ഥാപനം മുൻകൈ എടുത്തത് അഭിമാനകരമാണ്. ചെലവ് കുറഞ്ഞതും പരിസ്ഥിതിസൗഹൃദവുമായ ഈ സംരംഭത്തെ എം.എൽ.എമാർ പ്രോത്സാഹിപ്പിക്കണം. എം.എൽ.എ ഫണ്ടുപയോഗിച്ച് റീച്ചാർജ് കേന്ദ്രങ്ങൾ തുടങ്ങണം. ഒരുദിവസം ഇ-ആട്ടോ യാത്ര ആസ്വദിച്ചാൽ പോരെന്നും മണ്ഡലത്തിലെ ജനങ്ങൾക്ക് കൂടി ഉപകാരപ്രദമാക്കണമെന്നും സ്പീക്കർ നിർദ്ദേശിച്ചു. തുടർന്ന് ആട്ടോകൾക്ക് സ്പീക്കർ പച്ചക്കൊടി വീശി. പിന്നാലെ സ്പീക്കറും മന്ത്രിമാരും ആട്ടോയിൽ കയറി. ഇതോടെ ഫോട്ടോഗ്രാഫർമാർ ചിത്രം പകർത്താൻ തിക്കിത്തിരക്കി. അല്പനേരത്തിന് ശേഷം ആട്ടോകൾ നിരനിരയായി നിയമസഭയിലേക്ക് യാത്രയായി. ആട്ടോയിൽ സഭാകവാടം കടന്ന് നിയമസഭാമന്ദിരത്തിലെത്തിയ സ്പീക്കറെ കാത്ത് ഉദ്യോഗസ്ഥരും ദൃശ്യങ്ങൾ പകർത്താൻ ചാനലുകാരും കാത്തുനില്പുണ്ടായിരുന്നു. ആട്ടോയിൽ നിന്നിറങ്ങി ഡ്രൈവർക്ക് ഹസ്തദാനം നൽകിയശേഷം സ്പീക്കറും മന്ത്രിമാരും സഭയിലേക്ക് പോയി. ആട്ടോറിക്ഷകൾ മടങ്ങുകയും ചെയ്തു.