
മമ്മൂട്ടി വീണ്ടും തലസ്ഥാനത്തേക്ക്. ബോബി - സഞ്ജയ് ടീമിന്റെ രചനയിൽ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണിന്റെ ചിത്രീകരണത്തിൽ പങ്കെടുക്കാനാണ് മമ്മൂട്ടി തലസ്ഥാനത്തെത്തുന്നത്. മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രന്റെ വേഷത്തിൽ മമ്മൂട്ടിയെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് പുരോഗമിക്കു കയാണ്.
നവംബർ എട്ടിന് ഷൂട്ടിംഗ് തിരുവനന്തപുരത്തേക്ക് ഷിഫ്ട് ചെയ്യും. ഒൻപതാം തീയതി ആരംഭിക്കുന്ന ചിത്രീകരണത്തിൽ ആദ്യ ദിവസം മുതൽ മമ്മൂട്ടി അഭിനയിച്ച് തുടങ്ങും.നാല്പത് ദിവസത്തെ ചിത്രീകരണമാണ് തലസ്ഥാനത്ത് പ്ളാൻ ചെയ്തിരിക്കുന്നത്. നവംബർ 21ന് റിലീസ് ചെയ്യുന്ന മാമാങ്കത്തിന്റെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി മമ്മൂട്ടി അവധിയെടുക്കുന്നതിനാൽ ഒരാഴ്ചയോളം മമ്മൂട്ടി ഇല്ലാത്ത രംഗങ്ങൾ ചിത്രീകരിക്കും.
സെക്രട്ടേറിയറ്റും യൂണിവേഴ്സിറ്റി സെനറ്റ് ഹാളും ഉൾപ്പെടെ തലസ്ഥാന നഗരത്തിലെ മർമ്മപ്രധാനമായ ഭാഗങ്ങളിലെല്ലാം വണ്ണിന്റെ ചിത്രീകരണമുണ്ടാകും. മമ്മൂട്ടിയോടൊപ്പം രഞ്ജിത്ത്, ജോജു ജോർജ്, സലിംകുമാർ, മുരളി ഗോപി, തണ്ണീർ മത്തൻ ഫെയിം മാത്യു തോമസ്, നിമിഷാ സജയൻ, ഗായത്രി അരുൺ തുടങ്ങി വലിയൊരു താരനിര വണ്ണിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.ഗാനഗന്ധർവന് ശേഷം ഇച്ചായിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീലക്ഷ്മി നായരാണ് ചിത്രം നിർമ്മിക്കുന്നത്.