എന്താണ് ശബ്ദം
വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്. സഞ്ചരിക്കുന്നതിന് ശബ്ദത്തിന് ഒരു മാദ്ധ്യമം ആവശ്യമാണ്. ചന്ദ്രനിൽ അന്തരീക്ഷമില്ല .അതിനാലാണ്
അവിടെ ശബ്ദം കേൾക്കാൻ കഴിയാത്തത്. ഖരം, ദ്രാവകം, വാതകം എന്നീ മാദ്ധ്യമങ്ങളിലൂടെ ശബ്ദം സഞ്ചരിക്കും. ഖരമാദ്ധ്യമത്തിലൂടെയാണ് ശബ്ദം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത്. വാതകത്തിലൂടെയാണ് ശബ്ദത്തിന് വേഗത കുറവ്
ശ്രവണ സഹായി
എല്ലാ ശബ്ദങ്ങളും നമുക്ക് കേൾക്കാൻ കഴിയില്ല. നമുക്ക് ശ്രവണ പരിധിയുണ്ട്. 20 ഹെർട്സിനും 20000 ഹെർട്സിനും ഇടയിലുള്ള ശബ്ദങ്ങൾ മാത്രമേ കേൾക്കാൻ കഴിയൂ. അൾട്രാസോണിക് ശബ്ദം 20000 ഹെർട്സിനു മുകളിലുള്ള ശബ്ദമാണ്. ഇൻഫ്രാസോണിക് ശബ്ദം: 20 ഹെർട്സിൽ താഴെ ആവൃത്തിയുള്ള ശബ്ദമാണ്.
ശബ്ദദവും പ്രകാശവും
ശൂന്യതയിലൂടെ സഞ്ചരിക്കാൻ ശബ്ദത്തിന് കഴിയില്ല. ബഹിരാകാശത്തിലൂടെ സഞ്ചരിക്കാൻ ശബ്ദത്തിന് കഴിയില്ല. റേഡിയോ സംവിധാനത്തിലൂടെയാണ് ബഹിരാകാശത്ത് ആശയവിനിമയം നടത്തുക. എല്ലാ ഖരമാദ്ധ്യമങ്ങളിലൂടെയും ഒരേ വേഗതയിലല്ല ശബ്ദം സഞ്ചരിക്കുന്നത്. സഞ്ചരിക്കുന്ന മാദ്ധ്യമത്തിന്റെ ഇലാസ്തികത, സാന്ദ്രത എന്നിവ ശബ്ദവേഗതയെ സ്വാധീനിക്കുന്നു.
ശബ്ദവും പ്രകാശവും
ശബ്ദത്തേക്കാൾ വേഗത കൂടുതലാണ് പ്രകാശത്തിന്. അതിനാലാണ് ഇടിമിന്നലുണ്ടാകുമ്പോൾ മിന്നൽ കണ്ടതിനുശേഷം ശബ്ദം കേൾക്കുന്നത്.
മാക് നമ്പർ
ഒരു മാദ്ധ്യമത്തിലൂടെ ശബ്ദം സഞ്ചരിക്കുമ്പോൾ അതിലെ ശബ്ദത്തിന്റെ വേഗവും ആ മാദ്ധ്യമത്തിലൂടെ മറ്റൊരു വസ്തു സഞ്ചരിക്കുമ്പോൾ അതിന്റെ വേഗവും തമ്മിലുള്ള അനുപാതമാണ് മാക് നമ്പർ.
ഏണസ്റ്റ് മാക് എന്ന ഭൗതികശാസ്ത്രജ്ഞന്റെ ബഹുമാനാർത്ഥമാണ് മാക് നമ്പർ എന്ന പേര് നൽകിയത്.
പ്രതിപതനം
പ്രതലങ്ങളിൽ തട്ടി ശബ്ദം പ്രതിപതിക്കും. മിനുസമുള്ള പ്രതലങ്ങളിൽ ശബ്ദത്തിന്റെ പ്രതിപതനം കൂടുതലായിരിക്കും. പരുപരുത്ത തലങ്ങളിൽ കുറവാണ്. ഓഡിറ്റോറിയങ്ങൾ, സിനിമാ തിയേറ്ററുകൾ എന്നിവയുടെ ഉൾവശം പരുക്കനാകാൻ കാരണം പ്രതിപതന നിരക്ക് കുറയ്ക്കാനാണ്.
ചെവി
ചെവി കേൾക്കാൻ മാത്രമല്ല ശരീരത്തിന്റെ തുലനാവസ്ഥ നിലനിറുത്താനും സഹായിക്കുന്ന അവയവമാണ്.
മൂന്ന് ഭാഗങ്ങൾ ചെവിക്കുണ്ട്.
1. ബാഹ്യകർണം
2. മദ്ധ്യകർണം
3. ആന്തര കർണം
ബാഹ്യകർണം
പുറമേ കാണുന്ന ഭാഗം. ഇതിന് രണ്ട് ഭാഗങ്ങളുണ്ട്. കർണപാളിയും കർണനാളവും. ഏറ്റവും പുറമേയുള്ള ഭാഗമാണ് കർണപാളി. കർണപാളിയെയും മദ്ധ്യകർണത്തെയും ബന്ധിപ്പിക്കുന്നത് കർണനാളമാണ്. കർണനാളത്തിനകത്ത് സംരക്ഷണമേകാൻ രോമങ്ങൾ കാണപ്പെടുന്നു.
മദ്ധ്യകർണം
കർണപുടം, കർണരന്ധ്രം എന്നീ രണ്ട് ഭാഗങ്ങളുണ്ടിതിന്. ശബ്ദവീചികളെ തരംഗരൂപത്തിലാക്കുന്നത് മദ്ധ്യകർണമാണ്. വായു നിറഞ്ഞതാണ് കർണരന്ധ്രം. ഇതിനെ നാസാഗ്രന്ഥിയുമായി യൂസ്റ്റേഷ്യൻ നാളി ബന്ധിപ്പിക്കുന്നു. കർണപുടത്തിന്റെ ഇരു വശത്തും തുല്യമായ മർദ്ദം നിലനിറുത്തുക വഴി സംതുലനാവസ്ഥ കൈവരിക്കാൻ കഴിയുന്നു.
ആന്തരകർണം
അർദ്ധ വൃത്താകാര കനാലുകൾ, വെസ്റ്റിബ്യൂൾ എന്നിവ സ്ഥിതിചെയ്യുന്നത് ആന്തരകർണത്തിലാണ്. വെസ്റ്റിബ്യൂളിന് മൂന്ന് ഭാഗങ്ങളാണുള്ളത് യൂട്രിക്കിൾസ്, സാക്യൂൾസ്, കോക്ളിയ. യൂട്രിക്കിളും സാക്യൂൾസും അർദ്ധവൃത്താകാര കുഴലുകളും ശരീരത്തിന്റെ തുലനാവസ്ഥയെ നിലനിറുത്താൻ സഹായിക്കുന്നു. കേൾവിയെ സഹായിക്കുന്നത് കോക്ളിയ ആണ്.
ഹെർട്സ് ഡെസിബൽ
ശബ്ദതീവ്രതയുടെ യൂണിറ്റാണ് ഡെസിബൽ. അലക്സാണ്ടർ ഗ്രഹാം ബെല്ലിന്റെ സ്മരണാർത്ഥമാണ് ഈ യൂണിറ്റ് നൽകിയിരിക്കുന്നത്.
ആവൃത്തിയുടെ യൂണിറ്റാണ് ഹെർട്സ്. ഗെന്റിച്ച് ഹെർട്സ് എന്ന ശാസ്ത്രജ്ഞന്റെ ബഹുമാനാർത്ഥമാണ് ഇത് നൽകിയിരിക്കുന്നത്.
കൂർമ്മത
സ്ത്രീ പുരുഷ ശബ്ദങ്ങൾക്ക് കൂർമ്മത വ്യത്യാസമുണ്ട്. ആവൃത്തി കൂടുമ്പോൾ കൂർമ്മത കൂടും. കൂർമ്മത കൂടിയാൽ ശബ്ദം ചെവിയിൽ തുളച്ചുകയറും. സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ ശബ്ദത്തിന് കൂർമ്മത കൂടുതലാണ്.
നമ്മൾ കേൾക്കുന്നത് എങ്ങിനെ?
ശബ്ദത്തെ കർണപാളി പിടിച്ചെടുക്കും. ഈ ശബ്ദം കർണനാളത്തിലെത്തി കർണപടലത്തിന് കമ്പനമുണ്ടാക്കുന്നു. മദ്ധ്യകർണത്തിലെ അസ്ഥികളുടെ ശൃംഖല വഴി ആന്തരിക കർണത്തിലെത്തുന്നു. ഇവിടെയുള്ള ഓർഗൻ ഒഫ് കോർടിയിലെത്തുന്ന ശബ്ദം സംവേദക ഉദ്ദീപനങ്ങളായി മാറുന്നു. ഇതിനെ തലച്ചോറിലെ കേൾവിയുടെ കേന്ദ്രത്തിലേക്ക് അയയ്ക്കുന്നു. ഇത് പിന്നീട് നമുക്ക് കേൾക്കാൻ കഴിയുന്ന ശബ്ദങ്ങളായി മാറ്റപ്പെടുന്നു.
ആവൃത്തി
ഒരു സെക്കൻഡിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ് ആവൃത്തി.
ഉച്ചത
കമ്പനത്തിന്റെ ആവൃത്തി കൂടിയാൽ ശബ്ദത്തിന്റെ ഉച്ചത കൂടും.
ശ്രവണസ്ഥിരത
1/ 10 സെക്കൻഡ് നേരത്തേക്ക് ശബ്ദം നമ്മുടെ ചെവിയിൽ തങ്ങിനിൽക്കുന്നതിനെയാണ് ശ്രവണ സ്ഥിരത എന്ന് പറയുക