editorial-

തിരുവനന്തപുരം: അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പ്രതിപക്ഷത്തിന്റെയും സി.പി.ഐയുടെയും നിലപാടിനെതിരെ പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലൂടെ മറുപടി നൽകി സി.പി.എം. മാവോയിസ്റ്റ് ഭീകരതയെ നിസ്സാരവത്കരിച്ച് പൊലീസിനെയും സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. കോലാഹലവുമായി ഇറങ്ങിയിരിക്കുന്നവരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമാണെന്നും ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ പറയുന്നു. യു.എ.പി.എ ദുരുപയോഗം അനുവദിക്കരുതെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാവോയിസ്റ്റ് തീവ്രവാദഭീഷണി കുറഞ്ഞ സംസ്ഥാനമാണ് കേരളം. മതതീവ്രവാദത്തിനും മലയാളമണ്ണിൽ കാര്യമായ വേരോട്ടമില്ല. കേരളം ആർജിച്ച സാമൂഹ്യപുരോഗതിയും ഇടതുപക്ഷ മനസ്സുമാണ് ഈ നേട്ടത്തിന് ആധാരം. മറ്റ് സംസ്ഥാനങ്ങളിലെല്ലാം തീവ്രവാദ ശക്തികൾ ഭീകരപ്രവർത്തനങ്ങളിലൂടെ തുടർച്ചയായി ദുരന്തങ്ങൾ വിതയ്ക്കുന്നുണ്ട്. സാമൂഹ്യമായ പിന്നോക്കാവസ്ഥയിൽ കഴിയുന്ന ജനവിഭാഗങ്ങളെ ദുർബോധനപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് മാവോയിസ്റ്റുകൾ മലയോര- വനമേഖലകളിൽ നിലയുറപ്പിക്കുന്നത്. പൊലീസ്-അർധസൈനിക സേനയിൽപെട്ടവരാണ് ഇവരുടെ സായുധപ്രവർത്തനത്തിന്റെ പ്രധാന ഇരകൾ. നിരവധി രാഷ്ട്രീയപ്രവർത്തകരും കൊലചെയ്യപ്പെട്ടിട്ടുണ്ടെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.

2016 നവംബറിൽ നിലമ്പൂരിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മരിച്ച കുപ്പു ദേവരാജ്, ഛത്തീസ്ഗഢ് മേഖലയിൽ നക്‌സലൈറ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ആന്ധ്ര സ്വദേശിയാണ്. വനത്തിനകത്ത് തെരച്ചിൽ നടത്തുന്ന തണ്ടർബോൾട്ട് സേനയെ മാവോയിസ്റ്റുകൾ ആക്രമിക്കുകയായിരുന്നുവെന്നും , അതല്ല പിടിയിലായവരെ പൊലീസ് പോയിന്റ് ബ്ലാങ്കിൽ (വളരെ അടുത്തുവച്ച്) വെടിവച്ച് കൊല്ലുകയായിരുന്നുവെന്നും അന്നും വിവാദം ഉയർന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം എൽ.ഡി.എഫ് സർക്കാരിനുമേൽ കെട്ടിവയ്ക്കാനായിരുന്നു പ്രതിപക്ഷവും ചില മാദ്ധ്യമങ്ങളും ശ്രമിച്ചത്. അന്വേഷണത്തിൽ വ്യാജ ഏറ്റുമുട്ടൽ ആയിരുന്നില്ല അതെന്ന് തെളിഞ്ഞു.

യു.എ.പി.എ കരിനിയമമാണ്. അതുകൊണ്ടുതന്നെ ദുരുപയോഗ സാദ്ധ്യത മുൻനിർത്തി പാസാക്കുന്ന ഘട്ടത്തിൽ തന്നെ എതിർത്തത് സി.പി.എമ്മും ഇടതുപക്ഷവുമാണ്. യു.ഡി.എഫ് സർക്കാർ ചുമത്തിയ എട്ട് യു.എ.പി.എ കേസുകൾ ഈ സർക്കാർ റദ്ദാക്കിയിട്ടുണ്ട്. ഇവിടെ വിശദമായ പരിശോധന നടന്നുവരികയാണെന്നും ഒരു തരത്തിലുള്ള നീതിനിഷേധത്തിനും സർക്കാർ കൂട്ടിനിൽക്കില്ലെന്നു മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും മുഖപത്രത്തിൽ വ്യക്തമാക്കുന്നു.