maoist

കോഴിക്കോട്: യു.എ.പി.എ ചുമത്തിയ സി.പി.എം അംഗങ്ങളായ വിദ്യാർത്ഥികൾക്ക് സെഷൻസ് കോടതിയിൽ ജാമ്യം ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് അറസ്റ്റിലായ അലന്റെ അമ്മ സബിത മഠത്തിൽ. പാർട്ടിയോട് ആലോചിച്ചിട്ടാണ് ഇക്കാര്യം തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി.

'സെഷൻസ് കോടതിയിൽ നിന്ന് ജാമ്യം കിട്ടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അഥവാ കിട്ടിയില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് ഉദ്ദേശിക്കുന്നത്'- സബിത പറഞ്ഞു. അതേസമയം,അന്വേഷണ സംഘം യു.എ.പി.എയിൽ ഉറച്ചു നിൽക്കുകയാണ്.

പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി എം. ആർ.അനിത മുമ്പാകെ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലാണ് യു.എ.പി.എ വ്യക്തമാക്കിയിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ട്. . ഇതിന്റെ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്. റിമാൻഡ് റിപ്പോർട്ടിലും യു.എ.പി.എയുടെ കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇതിനിടെ അറസ്റ്റിലായ അലനും താഹയും അംഗങ്ങളെന്ന് ആരോപണമുയർന്ന ‘അർബൻ മാവോയിസ്റ്റ്’ സംഘത്തെക്കുറിച്ച് കൂടുതൽ അന്വേഷണവുമായി മുന്നോട്ടു പോകുകയാണ് പൊലീസ്. പശ്ചിമഘട്ട മാവോയിസ്റ്റ് സ്പെഷ്യൽ സോൺ കമ്മിറ്റിയുമായി ബന്ധമുള്ള സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരുമെന്ന് പൊലീസ് പറയുന്നു. പശ്ചിമഘട്ട കമ്മിറ്റിയുമായി വാട്സാപ്പിലും ടെലഗ്രാമിലും ഇവർ ബന്ധപ്പെടാറുണ്ടെന്നും ഇത് ഒന്നര മാസത്തെ രഹസ്യാന്വേഷണത്തിലൂടെ കണ്ടെത്തിയതാണെന്നും പൊലീസ് പറയുന്നു.

അതേസമയം, ജാമ്യാപേക്ഷ പരിഗണനയ്ക്ക് വന്നപ്പോൾ കോടതി സ്വമേധയാ യു.എ.പി.എ ഒഴിവാക്കണമെന്ന് പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റുമാരായ എം.കെ ദിനേശും എൻ.ഷംസുവും ആവശ്യപ്പെട്ടു. പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധമില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ലഘുലേഖകൾ പിടിച്ചെടുത്തെന്ന പൊലീസ് വാദം അംഗീകരിച്ചാലും യു.എ.പി.എ ചുമത്തേണ്ട കേസല്ല. വിദ്യാർത്ഥികളായ പ്രതികൾ സി.പി.എം അംഗങ്ങളാണ്.ഇവർക്ക് യാതൊരു ക്രിമിനൽ പാശ്ചാത്തലവുമില്ല. വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന വിധത്തിലുള്ളതാണ് പൊലീസ് നടപടിയെന്നും അവർ ബോധിപ്പിച്ചു.

എന്നാൽ യു.എ.പി.എ ഒഴിവാക്കാൻ കോടതിക്കാവില്ലെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജി, പബ്ളിക് പ്രോസിക്യൂട്ടറോട് അഭിപ്രായം ആരാഞ്ഞു. പൊലീസുമായി കൂടിയാലോചിച്ച് രണ്ട് ദിവസത്തിനകം മറുപടി നൽകാമെന്ന് പബ്ളിക് പ്രോസിക്യൂട്ടർ കെ.എൻ.ജയകുമാർ മറുപടി നൽകി.തുടർന്ന് കേസ് ബുധനാഴ്ചത്തേക്ക് മാറ്റി ഉത്തരവിട്ടു.വെള്ളിയാഴ്ച രാത്രിയാണ് സി.പി.എം അംഗങ്ങളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന പൊലീസ് നടപടിയെ വിമർശിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്തെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.