ps-sreedharan-pillai-oath

തിരുവനന്തപുരം: മുൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള ഇന്ന് മിസോറാം ഗവർണറായി ചുമതലയേൽക്കും. കുടുംബത്തോടൊപ്പം ഇന്നലെ ഐസോളിലെത്തിയ അദ്ദേഹം, ഇന്ന് രാവിലെ 11.30 ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുക്കും. രാജ്‌ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും.

ചടങ്ങിൽ ബി.ജെ.പിയെ പ്രതിനിധാനം ചെയ്ത് ദേശീയ സെക്രട്ടറി വൈ സത്യകുമാർ,​ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്,​ സംസ്ഥാന മുൻ സെക്രട്ടറി ബി. രാധാകൃഷ്ണമേനോൻ എന്നിവർ പങ്കെടുക്കും. സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാൻ കേരളത്തിൽ നിന്ന് നാൽപ്പതോളം പേരെത്തും.

ഒരു ബിഷപ്പ് ഉൾപ്പെടെയുള്ള് അഞ്ച് ക്രൈസ്തവ സഭകളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസം ഭാര്യയ്ക്കും മക്കൾക്കും അടുത്ത ബന്ധുക്കൾക്കുമൊപ്പം ലങ്പോയ് വിമാനത്താവളത്തിലെത്തിയ നിയുക്ത ഗവർണർ ശ്രീധരൻ പിള്ളയെ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സ്വീകരിച്ചത്. കേരളത്തിൽ നിന്നും മിസോറാം ഗവർണറാകുന്ന മൂന്നാമത്തെ വ്യക്തിയാണ് ശ്രീധരൻ പിള്ള. വക്കം പുരുഷോത്തമനും കുമ്മനം രാജശേഖരനുമായിരുന്നു ഇതിന് മുമ്പ് സംസ്ഥാനത്ത് നിന്ന് മിസോറാം ഗവർണറായവർ.