dilip-ghosh-

കൊൽക്കത്ത: ബീഫ് കഴിക്കുന്നവർക്കെതിരെ വിവാദ പരമാർശവുമായി പശ്‌ചിമബംഗാൾ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ് വീണ്ടും രംഗത്ത്. വിദേശ ഇനത്തിൽപ്പെട്ട വളർത്തുനായ്ക്കളുടെ വിസർജ്ജ്യം വൃത്തിയാക്കുന്നതിൽ അഭിമാനിക്കുന്നവരാണ് റോഡ് സൈഡിലെ സ്റ്റാളുകളിൽ നിന്ന് ബീഫ് കഴിക്കുന്നതെന്ന് ദിലീപ് ഘോഷ് പറഞ്ഞു. സമൂഹത്തിലെ വിദ്യാസമ്പന്നരായ ആളുകളാണ് റോഡ് സൈഡിൽ നിന്ന് ബീഫ് കഴിക്കുന്നത്. അവർ എന്താണ് ബീഫ് മാത്രം കഴിക്കുന്നത്, അവർക്ക് പട്ടിയുടെ മാംസവും കഴിച്ചൂടെയെന്ന് ദിലീപ് ഘോഷ് ചോദിച്ചു. ഇതാദ്യമല്ല ദിലീപ് ഘോഷ് വിവാദ പ്രസ്താവന നടത്തുന്നത്.

പശു നമ്മുടെ മാതാവാണ്. പശുവിനെ കൊല്ലുന്നത് സാമൂഹ്യവിരുദ്ധമാണ്. ഭാരതത്തിൽ പശുവിനും കൃഷ്ണനുമുള്ള സ്ഥാനം എല്ലാക്കാലവും നില നിൽക്കുന്നതാണ്. മുലപ്പാലിന് ശേഷം നാടൻപശുവിൻ പാൽ കുടിച്ചാണ് കുട്ടികൾ വളരുന്നത്. പശുവിന്റെ പാലിൽ സ്വർണം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് പശുവിൻ പാലിന് സ്വർണം നിറത്തിൽ കാണപ്പെടുന്നതെന്നും ദിലീപ് ഘോഷ് അഭിപ്രായപ്പെട്ടു. ബുർദ്വാനിൽ സംഘടിപ്പിച്ച ഗോപാഷ്ടമി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ ഇനങ്ങൾ അല്ല, നാടൻ പശുക്കൾ മാത്രമാണ് നമ്മുടെ മാതാവ്. വിദേശത്തു നിന്ന് വിവാഹം കഴിച്ച പലരും ഇപ്പോൾ പ്രശ്നങ്ങൾക്ക് നടുവിലാണെന്ന പരിഹാസത്തോടെയായിരുന്നു ദിലീപ് ഘോഷിന്റെ പരാമർശം.