തിരുവനന്തപുരം: കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സിയിൽ യു.ഡി.എഫ് അനുകൂല ട്രേഡ് യൂണിയനുകൾ നടത്തിയ പണിമുടക്ക് യാത്രക്കാരെ തെല്ലൊന്നല്ല വലച്ചത്. സംസ്ഥാനത്ത് 40 ശതമാനം സർവീസുകൾ മാത്രമാണ് പ്രവർത്തിച്ചത്. കോൺഗ്രസ് സംഘടനകളുടെ കൂട്ടായ്മയായ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷനാണ് പണിമുടക്കിയത്. എന്നാൽ, മറ്റു സംഘടനകൾ പിന്തുണ പ്രഖ്യാപിക്കാത്തതിനാൽ ബസുകൾ കാര്യമായി മുടങ്ങില്ലെന്ന മാനേജ്‌മെന്റിന്റെ നിഗമനം പാടേ തെറ്റി. പതിവിൽ നിന്നും വ്യത്യസ്തമായി മറ്റ് യൂണിയനുകൾ പണിമുടക്കിനെ അനുകൂലിച്ചു. കൂടുതൽ തൊഴിലാളികൾ പണിമുടക്കിയതോടെ ബസുകൾ കൂട്ടത്തോടെ മുടങ്ങി. താത്കാലിക ജീവനക്കാരടക്കം സഹകരിച്ചില്ല.
ശമ്പളമുടക്കത്തിൽ പ്രതിഷേധിച്ചുള്ള സമരമായതിനാൽ ജോലിക്കു ഹാജരാകാൻ മറ്റു യൂണിയനുകളും ജീവനക്കാരെ നിർബന്ധിച്ചില്ല എന്നതും ശ്രദ്ധേയമാണ്. സെപ്‌തംബറിലെ ശമ്പളം രണ്ടു ഗഡുക്കളായാണു നൽകിയത്. ഒക്ടോബറിലെ ശമ്പളം ഈ മാസം അവസാനം മാത്രമേ നൽകാനിടയുള്ളൂ. ഇതിൽ ജീവനക്കാർക്കിടയിൽ പ്രതിഷേധം വ്യാപകമാണ്. തുടർച്ചയായ ശമ്പള നിഷേധം അവസാനിപ്പിക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ഡി.എ കുടിശിക അനുവദിക്കുക, പുതിയ ബസുകൾ ഇറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
മണിക്കൂറുകളുടെ ഇടവേളകളിലാണ് നിരത്തുകളിൽ ബസുകളെത്തിയത്. നഗരത്തിലെ പ്രധാന ഡിപ്പോകളായ തമ്പാനൂരിലും കിഴക്കേകോട്ടയിലും യാത്രക്കാരുടെ വലിയ നിരയുണ്ടായിരുന്നു. പൊതുവേ സമാധാനപരമായിരുന്നെങ്കിലും ചില ഡിപ്പോകളിൽ അനിഷ്ട സംഭവങ്ങളുണ്ടായി. സമരാനുകൂലികൾ ചില സ്ഥലങ്ങളിൽ സർവീസ് തടഞ്ഞു. കണിയാപുരത്ത് ബസ് എടുക്കാനെത്തിയ ഡ്രൈവർക്ക് നേരെ സമരാനുകൂലികൾ മുട്ടയെറിഞ്ഞു. നെടുമങ്ങാടും ചടയമംഗലത്തും ജോലിക്കെത്തിയവരെ തടഞ്ഞു. നെടുമങ്ങാട്ട് ഒരു ജീവനക്കാരന് മർദ്ദനമേറ്റു. കിഴക്കേകോട്ടയിലും തമ്പാനൂരിലും സർവീസ് നടത്തി സ്റ്റാൻഡിലെത്തിയ ബസുകൾ സമരാനുകൂലികൾ തടഞ്ഞു.
തിരുവനന്തപുരത്ത് ഓഫീസ് സമയത്ത് ബസുകൾ തടഞ്ഞത് ജീവനക്കാരെ കാര്യമായി ബാധിച്ചു. ഗ്രാമീണ സർവീസുകളും വ്യാപകമായി മുടങ്ങി. വിദ്യാർത്ഥികളും വിവിധ സ്ഥലങ്ങളിൽ ജോലിക്കു പോകാനെത്തിയ തൊഴിലാളികളും ബുദ്ധിമുട്ടി. ഓഫീസുകളിൽ ഹാജർ നില കുറവായിരുന്നു. സ്‌കൂളുകളുടെ പ്രവർത്തനത്തെയും സമരം ബാധിച്ചു. ഇന്നലെ വൈകിട്ട് നടന്ന ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടു കാണാനായി കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിച്ചവരും വലഞ്ഞു.