tom-jose

തിരുവനന്തപുരം: അട്ടപ്പാടിയിലെ അഗളിയിൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനെ അനുകൂലിച്ചുകൊണ്ട് ചീഫ് സെക്രട്ടറി ടോം ജോസ്. ഇന്നത്തെ ടൈംസ് ഒഫ് ഇന്ത്യ പത്രത്തിൽ അച്ചടിച്ച് വന്ന ലേഖനത്തിലാണ് ടോം ജോസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലേഖനത്തിൽ മാവോയിസ്റ്റുകളെ തീവ്രവാദികൾ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. മാവോയിസ്റ്റ് ആശയങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മാവോവാദികൾക്ക് സാധാരണ ജനങ്ങളെ പോലെ മനുഷ്യാവകാശമുണ്ടെന്ന് വാദിക്കുന്നതിൽ കഴമ്പില്ളെന്നും അവരിൽ നിന്നും ജനങ്ങളെ രക്ഷിക്കുക മാത്രമാണ് കേരള പൊലീസ് ചെയ്തതെന്നും ടോം ജോസ് പറയുന്നു.

മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയില്ലെങ്കിൽ ജനങ്ങൾ കൊല്ലപ്പെടും എന്ന അവസ്ഥയാണ് ഉള്ളതെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു. അഗളിയിൽ ഉണ്ടായ വെടിവയ്പ്പിൽ പൊലീസ് ഉദ്യോഗസ്ഥർ അവരുടെ കൃത്യനിർവഹണം മാത്രമാണ് നടത്തിയത്. നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്ന, സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളെ സംരക്ഷിക്കുകയാണ് സർക്കാരിന്റെ കടമ. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതിലൂടെ അത്തരം ജനങ്ങളെ പരിഹസിക്കുകയാണ് മാവോവാദികൾ ചെയ്യുന്നത്. ടോം ജോസ് പറയുന്നു. തുടർന്ന് ആരെയാണ് തീവ്രവാദി എന്ന് വിശേഷിക്കേണ്ടതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

തീവ്രവാദികളോട് അനുഭാവം പുലർത്തുന്ന 16 സംഘടനകൾ നഗരങ്ങളിൽ പ്രവർത്തിക്കുന്നതായി ഇന്റലിജൻസ് ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ഭീകരവാദികൾക്ക് മാനുഷിക മുഖം നൽകാനാണ് ഇത്തരം സംഘടനകൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളം സുരക്ഷിത കേന്ദ്രമായാണ് മാവോയിസ്റ്റുകൾ കാണുന്നതെന്ന് പലരും മനസിലാക്കാൻ ശ്രമിക്കുന്നില്ലെന്നും ശത്രുരാജ്യങ്ങളിലെ തീവ്രവാദികളെ കൊന്നൊടുക്കുന്ന നമ്മുടെ സൈനികരെ ആരും വിമർശിക്കാറില്ലല്ലോ എന്നും പിന്നെന്തിനാണ് സമാനമായ കാര്യം ചെയ്യുന്ന പൊലീസുകാരെ ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥർ ജീവൻ പണയപ്പെടുത്തിയാണ് ജനങ്ങളെ കാക്കാൻ ഇത്തരം സംഘട്ടനങ്ങളിൽ ഏർപ്പെടുന്നതെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.