raman-srivasthava

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് ഭരിക്കുന്നത് ആരാണ് ? സംശയങ്ങളേറെ ചൂഴ്‌ന്നുനിൽക്കുന്ന ചോദ്യമാണിത്. കോഴിക്കോട്ട് രണ്ട് സി.പി.എം ബ്രാഞ്ച് അംഗങ്ങൾക്കു മേൽ യു.എ.പി.എ ചുമത്തിയത് പൊലീസ് മേധാവി ലോക്നാഥ് ബെഹ്ര അറിഞ്ഞത് അടുത്തദിവസം. ഐ.ജി അശോക് യാദവിനെ അറിയിച്ചിരുന്നെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.വി. ജോർജ്. അനുമതി നേടിയിരുന്നെന്ന് ഐ.ജി.

ബെഹ്‌റയ്ക്ക് മുകളിൽ ആരോടാണ് ഐ.ജി അനുമതി തേടിയത്?. യു.എ.പി.എ ചുമത്തിയത് പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറയുമ്പോൾ, ശക്തമായ തെളിവുണ്ടെന്നാണ് ഐ.ജിയുടെ നിലപാട്. പൊലീസിനെ അടക്കി ഭരിക്കുന്ന ചീഫ് സെക്രട്ടറി റാങ്കുള്ള മുൻ ഡി.ജി.പി രമൺ ശ്രീവാസ്തവയുടെ 'കല്പനകളാണ് ' പൊലീസിനെ വഴിതെറ്റിക്കുന്നതെന്ന് വീണ്ടും ആക്ഷേപമുയരുന്നു. പൊലീസ് ഉപദേശകന് നൽകിയ അമിത സ്വാതന്ത്ര്യം ഭരണകൂടഭീകരതയായി വളർന്നതായി പ്രതിപക്ഷം നിയമസഭയിൽ ആരോപണമുയർത്തുകയും ചെയ്തു.

ശ്രീവാസ്തവയുടെ ഇഷ്ടക്കാരായ ഉദ്യോഗസ്ഥരാണ് കാര്യങ്ങൾ നടത്തുന്നതെന്നാണ് ആക്ഷേപം. വരാപ്പുഴയിൽ ആളുമാറി കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ ലോക്കപ്പിൽ കൊലപ്പെടുത്തിയ കേസിൽ സർക്കാരിന് നാണക്കേടുണ്ടാക്കിയ എ.വി. ജോർജ് (വിവാദമായ ടൈഗർ ഫോഴ്സ് തലവൻ) ഡി.ഐ.ജി റാങ്കിൽ ഇപ്പോൾ കോഴിക്കോട് കമ്മിഷണറാണ്. സസ്‌പെൻഷൻ കാലാവധി കഴിയുംമുൻപേ ജോർജിനെ തിരിച്ചെടുത്ത് സുപ്രധാനപദവി നൽകുകയായിരുന്നു. ജോർജിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജോർജ് പ്രതിയല്ലെന്ന് സർക്കാർ അറിയിച്ചതോടെ കേസ് തള്ളിപ്പോയി. ആലുവയിലെ ചില കേസുകളിൽ യു.എ.പി.എ ചുമത്തിയതും പരിസ്ഥിതി പ്രവർത്തകനെ കള്ളക്കേസിൽ കുടുക്കിയതുമടക്കം ജോർജിന്റെ നടപടികളിൽ ആക്ഷേപമുണ്ട്.

വിവാദ നടപടികളെല്ലാം ശ്രീവാസ്തവയോടാണ് പൊലീസ് ഉന്നതർ റിപ്പോർട്ട് ചെയ്യുന്നതെന്നാണ് സൂചന. ഐ.എസ്.ആർ.ഒ ചാരക്കേസിൽ സസ്‌പെൻഷനിലായും പാലക്കാട്ടെ വെടിവയ്പ് കേസിൽ കുടുങ്ങിയും വിവാദ നായകനായ ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ ഉപദേശകനാക്കുന്നതിൽ എതിർ സ്വരങ്ങളുയർന്നിരുന്നു. പൊലീസിന് തുടരത്തുടരെയുണ്ടായ വീഴ്ചകൾക്ക് പരിഹാരമുണ്ടാക്കാനാണ് ശ്രീവാസ്തവയെ മുഖ്യമന്ത്രി ഉപദേശകനാക്കിയത്. തുടക്കത്തിൽ പൊലീസ് ഭരണത്തിൽ ഇടപെടാതെ നിന്ന ശ്രീവാസ്തവ, താമസിയാതെ സേനയെ കൈപ്പിടിയിലാക്കി.

ചീഫ് സെക്രട്ടറി പദവിയുള്ളതിനാൽ ഏത് ഉദ്യോഗസ്ഥനെയും വിളിച്ചുവരുത്താനും ഫയലുകൾ പരിശോധിക്കാനും ശ്രീവാസ്തവയ്ക്ക് കഴിയും. കോൺസ്റ്റബിൾ മുതൽ ഡി.ജി.പിമാർ വരെയുള്ളവരുടെ നിയമനവും സ്ഥലംമാറ്റവും ശ്രീവാസ്തവ അറിയാതെ നടക്കില്ല. നേരിട്ടുവിളിച്ച് നിർദ്ദേശം നൽകുകയും നടപടികൾ നിയന്ത്രിക്കുകയും ചെയ്യുന്നതായി ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. പൊലീസുദ്യോഗസ്ഥരുമായുള്ള മുഖ്യമന്ത്രിയുടെ യോഗത്തിൽ ശ്രീവാസ്തവ പങ്കെടുത്തതിനെ ഉത്തരമേഖലാ ഡി.ജി.പിയായിരുന്ന രാജേഷ് ദിവാൻ മുൻപ് എതിർത്ത സംഭവമുണ്ടായി. മുഖ്യമന്ത്രിയുടെ കസേരയ്ക്ക് തൊട്ടടുത്ത് ശ്രീവാസ്തവയ്ക്കിട്ട ഇരിപ്പിടത്തിലെ നെയിംബോർഡ് ദിവാൻ അകലെയുള്ള മറ്റൊരു കസേരയിലേക്ക് മാറ്റിവച്ചു.

ഇന്റലിജൻസ് മേധാവിയെയും ആഭ്യന്തര സെക്രട്ടറിയെയും നോക്കുകുത്തിയാക്കി ശ്രീവാസ്തവ എല്ലാം നിന്ത്രിക്കുന്നു. ഇന്റലിജൻസ് റിപ്പോർട്ടുകൾ ശ്രീവാസ്തവയാണ് വിലയിരുത്തുന്നത്. പ്രധാന ഫയലുകളിൽ ശ്രീവാസ്തവ കശേഷമേ ഉത്തരവിറക്കാനാവൂ. നല്ല തസ്തികകളിൽ നിയമനം കിട്ടണമെങ്കിൽ ശ്രീവാസ്തവയുടെ പ്രീതി നേടണം.

മുമ്പ് ചീറ്റിയ കളി

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും ഉപദേശകനാകാൻ ശ്രീവാസ്തവ ശ്രമിച്ചെങ്കിലും പൊലീസ് നേതൃത്വത്തിന്റെ എതിർപ്പ് കാരണം നടന്നില്ല. ചീഫ് സെക്രട്ടറിക്ക് അനുവദിച്ചിട്ടുള്ള യാത്രാബത്തയും ദിനബത്തയും പൊലീസിന്റെ ബഡ്ജറ്റ് വിഹിതത്തിൽ നിന്ന് ശ്രീവാസ്തവയ്ക്ക് നൽകുന്നുണ്ട്. ഇതിന്റെ ബില്ലുകൾ പരിശോധിക്കാൻ ബെഹ്രയ്ക്ക് അധികാരമില്ല. ഇന്നോവ കാറും ഡ്രൈവറുമുണ്ട്.