k-surendran

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ രംഗത്തെത്തി. കേസ് അട്ടിമറിക്കാൻ സി.പി.എം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യദ്രോഹ കേസിലെ പ്രതികളെ സംരക്ഷിക്കാൻ സി.പി.എം, കോൺഗ്രസ്, സി.പി.ഐ കൂട്ടുകെട്ട് ശ്രമിക്കുകയാണ്. അറസ്റ്റിലായവർക്ക് അന്തർസംസ്ഥാന മാവോവാദികളുമായി ബന്ധമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

'നിരോധിത സി.പി.ഐ മാവോയിസ്റ്റ് ഭീകരവാദ സംഘടനയുടെ കേഡറുകളാണ് അറസ്റ്റിലായവർ. ഇവർക്ക് മറ്റ് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് എഫ്.ഐ.ആറിലുണ്ട്. സി.പി.എം ഭരിക്കുന്ന കേരളത്തിലെ പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എഫ്.ഐ.ആർ വായിക്കാതെയാണ് പ്രതികളെ രക്ഷിക്കാൻ ചെന്നിത്തല മുറവിളി കൂട്ടുന്ന'തെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ ആരോപണങ്ങൾ ഗൗരവമാണെന്ന് പറയുമ്പോൾ പറയുന്നവർ തന്നെ പ്രതികളുടെ വീട്ടിൽ പോയി ഐക്യദാർഡ്യം പ്രഖ്യാപിക്കുകയാണ്. ആദ്യം നിയമപരിരക്ഷ ഇല്ല എന്ന് പറഞ്ഞവർ പിന്നെ പാർട്ടി വക്കീലിനെ ഏർപ്പാടാക്കി നൽകുന്നു. യു.എ.പി.എ കേസുകളിൽ നിരപരാധിത്വം പ്രഖ്യാപിക്കാൻ മന്ത്രിമാർക്ക് ആരാണ് അവകാശം നൽകിയത്. നാളെ ഇവർ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ ഇവർ എന്ത് മറുപടി പറയും. എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും നല്ലൊരു വിഭാഗം തീവ്രവാദികളുണ്ട്. അതിനാലാണ് പാർട്ടി ഇവർക്ക് പിന്തുണ നൽകുന്നത്-സുരേന്ദ്രൻ വ്യക്തമാക്കി.