lekshmipriya

നടി ലക്ഷ്മിപ്രിയ മിനിസ്ക്രീൻ പ്രക്ഷകർക്കും ബിഗ്‌സ്ക്രീൻ പ്രേക്ഷകർക്കുമൊക്കെ ഒരുപോലെ സുപരിചിതയാണ്. അഭിനയത്തിനൊപ്പം തന്നെ എപ്പോഴും മുഖത്തുള്ള നിഷ്കളങ്കമായ ആ പുഞ്ചിരിയും തുറന്നുപറച്ചിലുമാണ് താരത്തെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാക്കിയത്.

എപ്പോഴും പുഞ്ചിരിക്കുകയാണെങ്കിലും മനസിൽ ഇപ്പോഴും കുത്തിനോവിക്കുന്ന ചില ദുരനുഭവങ്ങൾ ലക്ഷ്മിപ്രിയ്ക്കുണ്ട്. അത് കോർത്തിണക്കി 'കഥയും കഥാപാത്രങ്ങളും സാങ്കൽപികമല്ല' എന്ന പേരിൽ ഒരു പുസ്തകം എഴുതിയിരിക്കുകയാണ് താരമിപ്പോൾ. നവംബർ ഏഴിന് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇത് പ്രകാശിപ്പിക്കപ്പെടുകയാണ്.

രണ്ടുവയസുമുതൽ ഇപ്പോൾ വരെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മിപ്രിയ വെളിപ്പെടുത്തി. തന്റെ പതിനാലാമത്തെ വയസിലാണ് അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് അറിയുന്നതെന്നും താരം തുറന്നുപറഞ്ഞു.

'അച്ഛനും അമ്മയും വിവാഹമോചിതരാണ്. അവർ ഒരിക്കലും എനിക്കൊപ്പം ഉണ്ടായിരുന്നില്ല. അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് പോലും ഞാനറിഞ്ഞത് പതിനാലാമത്തെ വയസിലാണ്. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയ ഷോക്കായിരുന്നു. തുടർന്ന് ഒറ്റയ്ക്ക് അമ്മയെ കാണാൻ പോയി. ഇത്രയും വർഷത്തെ സ്നേഹവും ലാളനയും ഒറ്റ നിമിഷം കൊണ്ട് അമ്മ തരുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. അതൊക്കെ സിനിമയിൽ മാത്രമേയുള്ളുവെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു'- ലക്ഷ്മിപ്രിയ പറഞ്ഞു.