തിരുവനന്തപുരം: പണം കൊടുത്ത് വാങ്ങിയ ലോട്ടറി ടിക്കറ്റ് വ്യാജമാണോ ഒറിജിനലാണോ എന്ന് തിരിച്ചറിയാൻ കഴിയാതെ വിഷമിക്കുകയാണോ നിങ്ങൾ? എന്നാൽ അതിനു ഒരു പോംവഴിയുണ്ട്. ലോട്ടറി ടിക്കറ്റിന്റെ വിശ്വാസ്യത ഉറപ്പാക്കാൻ ക്യൂ.ആർ കോഡ് സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ജനുവരി മുതൽ പുറത്തിറക്കുന്ന ലോട്ടറി ടിക്കറ്റുകളിലാണ് സർക്കാർ ക്യൂ.ആർ കോഡുകൾ ഉൾപ്പെടുത്തുക. ഇതോടൊപ്പം തന്നെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്യാൻ സാധിക്കുന്ന ഒരു ആപ്പും സംസ്ഥാന സർക്കാർ പുറത്തിറക്കും.
വാങ്ങിയ ലോട്ടറി ടിക്കറ്റ് വ്യാജമാണോ അതോ ഒറിജിനലാണോ എന്ന് മനസിലാക്കാൻ ഈ ആപ്പുപയോഗിച്ച് ക്യൂ.ആർ കോഡ് ഒന്ന് സ്കാൻ ചെയ്‌താൽ മാത്രം മതി. ലോട്ടറി ഓഫീസുകളിൽ നിന്നുമുള്ള ടിക്കറ്റ് വിൽപ്പനയ്ക്കും സമ്മാന വിതരണത്തിനും ഒക്കെ വേണ്ടി വകുപ്പിൽ 'ലോട്ടിസ്' എന്ന സോഫ്റ്റ്‌വെയർ നടപ്പാക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ക്യൂ.ആർ കോഡ് സംവിധാനവും നടപ്പിലാക്കുന്നത്. സമ്മാനം ലഭിച്ച ടിക്കറ്റുകൾ ഉപഭോക്താക്കൾ ഹാജരാക്കുമ്പോൾ അതിലെ ബാർ കോഡ് പരിശോധിച്ചാണ് ടിക്കറ്റ് ഒറിജിനൽ തന്നെയാണോ എന്ന് ഉദ്യോഗസ്ഥർ തിരിച്ചറിയുന്നത്. എന്നാൽ ക്യൂ.ആർ കോഡ് സംവിധാനം വരുന്നതോടെ സാധാരണ ജനങ്ങൾക്കും തങ്ങൾ വാങ്ങുന്നത് ഒറിജിനൽ ലോട്ടറി ടിക്കറ്റ് തന്നെയാണോ എന്ന് ഉറപ്പാക്കാൻ സാധിക്കും.