തിരുവനന്തപുരം: കോപ്പി അടിച്ചെങ്കിൽ അത് തന്റെ കഴിവാണെന്ന് പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതി നസീം. ഫേസ്ബുക്ക് കുറിപ്പിലാണ് നസീമിന്റെ പ്രതികരണം. ‘തോൽക്കാൻ മനസ്സില്ലെന്ന് ഞാൻ മനസ്സിൽ തീരുമാനിച്ച നിമിഷമായിരുന്നു, ഞാൻ ആദ്യമായി വിജയിച്ചത്‘ എന്ന അടിക്കുറിപ്പോടെയാണ് കഴിഞ്ഞ ദിവസം നസീം ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ചിത്രത്തിന് താഴെ നിരവധി കമന്റുകളും ലെെക്കുകളും ലഭിച്ചിരുന്നു. തുടർന്ന് പോസ്റ്റിന് ‘നീയൊക്കെ എങ്ങനെ തോൽക്കാൻ അമ്മാതിരി കോപ്പിയടി അല്ലെ നടത്തുന്നെ‘ ഒരാൾ കമന്റ് ചെയ്തു. ഇതിനു നൽകിയ മറുപടിയിലാണ് "കോപ്പിടിച്ചെങ്കിൽ അതെന്റെ കഴിവ്’ എന്ന് നസീം തിരിച്ച് കമന്റ് ചെയ്തത്. നസീമിനെ പിന്തുണച്ചും ചിലരുടെ കമന്റുകളുണ്ട്.
യൂണിവേഴ്സിറ്റി കത്തിക്കുത്ത്, പി.എസ്.സി പരീക്ഷ തിരിമറി കേസുകളിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതോടെയാണ് ഇരുവർക്കും സ്വാഭാവികജാമ്യം ലഭിച്ചത്. ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവർ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പി.എസ്.സി പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന് പി.എസ്.സി കണ്ടെത്തുകയായിരുന്നു.
പ്രതികളിൽ ചിലർകൂടി പിടിയിലാവാനുള്ളതാണ് യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകാനുള്ള കാരണമെന്നാണ് പൊലീസിന്റെ വിശദീകരണം. പി.എസ്.സി കേസിൽ അന്വേഷണം വൈകിയാണ് തുടങ്ങിയതെന്നും അതിനാൽ കുറ്റപത്രം സമർപ്പിക്കാനായിട്ടില്ലെന്നും ഈ കേസിൽ കൂടുതൽ പ്രതികളുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങളുടെ വിശദീകരണം.