amaravati

ഹൈദരാബാദ്: കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഭൂപടത്തിൽ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ അമരാവതിയെ അടയാളപ്പെടുത്താത്തിനെ ചൊല്ലി വിവാദം പുകയുന്നു. പുതിയ കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു-കാശ്മീർ, ലഡാക്ക് എന്നിവ കൂടി ഉൾപ്പെടുത്തി പുറത്തിറക്കിയ ഭൂപടത്തിൽ ആന്ധ്രയുടെ തലസ്ഥാനം മാത്രം രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തെ തുടർന്ന് ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയെ വിമർശിച്ച് പ്രതിപക്ഷപാർട്ടിയായ തെലുങ്ക് ദേശം പാർട്ടി (ടി.ഡി.പി)​ രംഗത്തെത്തി. തലസ്ഥാനം മാറ്റുന്നതിനായി മുഖ്യമന്ത്രി നടത്തിയ നീക്കത്തിനെ തുടർന്നാണ് ഭൂപടത്തിൽ അമരാവതി അടയാളപ്പെടുത്താത്തെന്ന് ടി.ഡി.പി ആരോപിച്ചു.

അമരാവതിയെ ഒഴിവാക്കിയതിനെ ജഗന്റെ പാർട്ടിയായ വൈ.എസ്.ആർ കോൺഗ്രസ് അംഗവും അമരാവതിയിലെ മംഗളഗിരി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയുമായ അല്ലാ രാമകൃഷ്ണ റെഡ്ഡിയും വിമർശിച്ചു. എന്നാൽ ചന്ദ്രബാബു നായിഡുവിന്റെ മുൻ സർക്കാരാണ് പ്രശ്‌നത്തിനു കാരണക്കാരെന്ന് റെഡ്ഡി കുറ്റപ്പെടുത്തി. 2014ൽ ആണ് അമരാവതിയെ ആന്ധ്ര തലസ്ഥാനമായി പ്രഖ്യാപിച്ചത്. സെക്രട്ടേറിയറ്റും ഹൈക്കോടതിയും ഇവിടേക്ക് മാറ്റി. കഴിഞ്ഞ മേയിൽ സ്ഥാനമേറ്റ ജഗൻ നിർമാണ പ്രവർത്തനങ്ങളെല്ലാം നിർത്തിവച്ചു. നായിഡു പണി കഴിപ്പിച്ച കോൺഫറൻസ് ഹാൾ പൊളിക്കുകയും ചെയ്തിരുന്നു.