ആർ സി.ഇ.പി ( ആർസെപ്പ് ) കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഉദ്യോഗസ്ഥതലത്തിൽ നടന്ന 28 ചർച്ചകളിലും മന്ത്രിതലത്തിലുള്ള നാല് ഉന്നത സമ്മേളനങ്ങളിലും സജീവമായി പങ്കെടുത്ത ഇന്ത്യ, അവസാന നിമിഷം അന്തിമ കരാറിൽ ഒപ്പിടാതെ പിന്മാറിയിരിക്കുന്നു. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര കരാറുകൾ എടുക്കലിന്റെയും കൊടുക്കലിന്റെയും സമ്മിശ്രമായിരിക്കുമെങ്കിലും ആർ.സി.ഇ.പി കരാർ രാജ്യത്തിന് നേട്ടങ്ങളെക്കാൾ കൂടുതൽ നഷ്ടങ്ങളുണ്ടാക്കും എന്നതിനാൽ ഇപ്പോഴത്തേത് വിജയകരമായ പിന്മാറ്റമാകും.
രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരങ്ങളിലെ ചുങ്കങ്ങളും മറ്റ് തടസങ്ങളും നീക്കി ചരക്കുകൾക്കും സേവനങ്ങൾക്കും നിക്ഷേപങ്ങൾക്കും സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നത് , ബന്ധപ്പെട്ട പ്രദേശങ്ങൾക്കും പ്രജകൾക്കും കൂടുതൽ മെച്ചപ്പെട്ട അവസ്ഥ സൃഷ്ടിക്കുമെന്ന വിശ്വാസമാണുള്ളത്. പക്ഷേ ഈ വിശ്വാസവും പ്രയോഗഫലവും തമ്മിൽ പൊരുത്തപ്പെടാത്ത വ്യാപാര ഉടമ്പടി ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. നിലവിലുള്ള 13 വ്യാപാരക്കരാറുകളുടെ ഫലമായി ഇന്ത്യയും ബന്ധപ്പെട്ട രാജ്യങ്ങളുമായുള്ള വിദേശവ്യാപാരം കാര്യമായി വർദ്ധിച്ചു എന്നത് വസ്തുതയാണ്. പക്ഷേ, നമ്മുടെ രാജ്യത്തു നിന്നുള്ള കയറ്റുമതിയെക്കാൾ ഇറക്കുമതിയുടെ ഒഴുക്കുണ്ടായി. തത്ഫലമായി ഇന്ത്യയുടെ വ്യാപാരനഷ്ടം ഉയർന്നുപൊങ്ങി. പത്ത് തെക്കനേഷ്യൻ രാജ്യങ്ങളുമായി 2006 ൽ കരാറുണ്ടാക്കുമ്പോൾ ആ മേഖലയുമായി നമുക്കുണ്ടായിരുന്ന നാല് ശതകോടി ഡോളറെന്ന വ്യാപാരക്കമ്മി, 2018 ൽ 21 ശതകോടി ഡോളറായി. പത്ത് രാഷ്ട്രസംഘമായ ആസിയനുമായി 2010 ൽ കരാർ ഒപ്പുവച്ചപ്പോഴുണ്ടായിരുന്ന എട്ട് ശതകോടി ഡോളറിന്റെ വ്യാപാരക്കുറവ് 2018 ൽ 22 ശതകോടി ഡോളറായി. തെക്കൻ കൊറിയയുമായി 2010 ൽ കരാറുണ്ടാക്കുമ്പോൾ നമുക്കുണ്ടായിരുന്ന അഞ്ച് ശതകോടി ഡോളറിന്റെ വ്യാപാരക്കമ്മി 2018 ൽ 12 ശതകോടി ഡോളറായി. ജപ്പാനുമായി 2010 ൽ ഏർപ്പെട്ട കരാറിന്റെ അനുഭവവും ഉയരുന്ന കമ്മിയുടേതായിരുന്നു. വേണ്ടുവോളം സുരക്ഷിതമാർഗം ഒരുക്കാതെ വീണ്ടുമൊരു കരാറിൽ ഏർപ്പെടുന്നത് കൂടുതൽ മോശപ്പെട്ട അനുഭവങ്ങളുണ്ടാക്കുമായിരുന്നു.
മുകളിൽപ്പറഞ്ഞ രാജ്യങ്ങളിൽ 12 ഉം ആർസെപ്പിലും വരുന്നുണ്ട്. ഇതുവരെ കരാറിൽ ഉൾപ്പെടാതെ നമ്മൾ വ്യാപാരം നടത്തുന്ന ആർസെപ്പിലെ മറ്റ് രാജ്യങ്ങളാണ് ചൈന, ന്യൂസിലൻഡ്, ആസ്ട്രേലിയ എന്നിവ. കരാറിന്റെ കാര്യത്തിൽ നമ്മുടെ നാട്ടിലെ ഉത്പാദകർ ഏറ്റവും ഭയത്തോടെ കാണുന്ന രാജ്യമാണ് ചൈന. കരാറൊന്നുമില്ലാതെ തന്നെ ചൈനയുടെ ഉത്പന്നങ്ങൾ ഇന്ത്യയുടെ വിപണിയുടെ നല്ലൊരു ഭാഗം കൈയടക്കിക്കഴിഞ്ഞു. തത്ഫലമായി കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ചൈനയുമായുള്ള നമ്മുടെ വ്യാപാരക്കമ്മി അഞ്ചുമടങ്ങ് വർദ്ധിച്ച് ഇപ്പോൾ അറുപത് ശതകോടി ഡോളറെന്ന വമ്പൻ നഷ്ടത്തിലെത്തി നിൽക്കുകയാണ്. കനത്ത തീരുവ ചുമത്തി തടഞ്ഞു നിറുത്തിയിരിക്കുന്ന ഉരുക്ക്, ചെമ്പ്, അലൂമിനിയം തുടങ്ങിയ ചൈനീസ് ഉത്പന്നങ്ങൾ, പുത്തൻ കരാറിന്റെ ബലത്താൽ ഇവിടേക്ക് ഇടിച്ചു കയറുമായിരുന്നു. നമുക്ക് കരുത്തുള്ള മേഖലയായ സേവനങ്ങളെ കരാറിൽ ഉൾപ്പെടുത്തുന്നതിലും ചൈന താത്പര്യം കാട്ടിയില്ല.
ഇന്ത്യയിലെ ഉത്പാദകർ, പ്രത്യേകിച്ച് ക്ഷീരമേഖലയിലുള്ളവർ ഭയപ്പെടുന്ന മറ്റൊരു രാജ്യമാണ് ന്യൂസിലൻഡ്. പാലുത്പന്നങ്ങളുടെ കയറ്റുമതിയിൽ ഒന്നാംസ്ഥാനത്തുള്ള ന്യൂസിലൻഡിന്റെ മൊത്തം കയറ്റുമതിയുടെ അഞ്ച് ശതമാനമെങ്കിലും, തീരുവ കുറയ്ക്കുന്നതിന്റെ ഭാഗമായി , ഇന്ത്യയിലെത്തിയാൽ ഇവിടുത്തെ പാൽ കമ്പോളത്തിന്റെ 28 ശതമാനമെങ്കിലും കൈയടക്കും. ഈ ക്ഷീരസാഗരത്തിൽ മുങ്ങിപ്പോകുമായിരുന്നത് രാജ്യത്തെ ക്ഷീരമേഖലയെ ആശ്രയിച്ച് കഴിയുന്ന പത്തുകോടി കുടുംബങ്ങളുടെ ജീവിതമായിരുന്നേനെ.
ഇതൊക്കെയാണെങ്കിലും കരാറിന്റെ അവസാനഘട്ടത്തിൽ നിന്നുള്ള പിന്മാറ്റവുമായി ബന്ധപ്പെട്ട ചില അപ്രിയ സത്യങ്ങൾക്കും കാതോർക്കേണ്ടതുണ്ട്. ഉദിച്ചുയരുന്ന ലോകത്ത് ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും കൂടുതൽ സുഖപ്രദമായ ജീവിതത്തിനും ഉതകുന്ന ഒരു പ്രധാന സ്രോതസ് ഉയർന്ന വിദേശവ്യാപാരവും അത് നേടിയെടുക്കാനുള്ള ഒരു മാർഗം സ്വതന്ത്ര വ്യാപാര കരാറുകളുമാകുന്നു. എന്നാൽ ഇന്ത്യ കരാറുകളിൽ ഏർപ്പെടുമ്പോൾ ഉടമ്പടികളുടെ മറ്റേത്തലയ്ക്കലുള്ള രാജ്യങ്ങൾ ഇന്ത്യയിലേക്ക് ഉത്പന്നങ്ങൾ ഇടിച്ചുകയറ്റിയപ്പോൾ നമുക്ക് അവിടങ്ങളിലേക്ക് വൻതോതിൽ കയറ്റുമതി സാദ്ധ്യമാകാതെ പോയത് എന്തുകൊണ്ടാണ് ? രണ്ട് കാര്യങ്ങളാണ് സംഭവിച്ചത്. ഒന്ന്, നിലനിൽക്കുന്ന സംരക്ഷണ കവചങ്ങളുടെ സുരക്ഷിതത്വത്തിൽ 'കഴിഞ്ഞു കൂടിപ്പോവുക' എന്ന രീതിയാണ് നമ്മുടെ ഉത്പാദനമേഖലകളുടേത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള കാര്യക്ഷമതയും അതുവഴി ഉയർന്ന മത്സരക്ഷമതയും ആർജിച്ചെടുക്കകയെന്ന ക്ളേശകരമായ ദൗത്യത്തിന് നമ്മുടെ പല സംരംഭങ്ങളും തയാറായിരുന്നില്ല. തങ്ങളുടെ അസ്തിത്വം തന്നെ അപകടത്തിലാക്കുന്ന കരാറുകൾ വരുമ്പോൾ മാത്രം മുറവിളി കൂട്ടുന്ന പതിവ് രീതികൾ ഉപേക്ഷിക്കണം. രണ്ട്, സംരംഭങ്ങളുടെ പ്രശ്നങ്ങൾക്കും പരിമിതികൾക്കും പരിഹാരം കണ്ട് മികച്ച നയങ്ങളും നടപടികളും നടപ്പാക്കുന്നതിൽ ഭരണകൂടത്തിനും വീഴ്ച സംഭവിച്ചു. ഇപ്പോൾ പിന്മാറുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ഇന്നല്ലെങ്കിൽ നാളെ കൂടുതൽ കരുത്താർജിച്ചതിനു ശേഷമുള്ള തിരിച്ചുവരവ് രാജ്യത്തിന് ഗുണകരമാകും.