കോഴിക്കോട്: ചോരക്കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തിൽ ഒന്നാം പ്രതിയായ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവാണ് കേസിലെ രണ്ടാം പ്രതി. ഇയാൾ വിദേശത്താണ് ഇപ്പോഴുള്ളത്. കരിപ്പൂർ വിമാനത്താവളത്തിലെ കഫ്റ്റീരിയ ജീവനക്കാരിയാണ് കുട്ടിയുടെ മാതാവ്. ഇതേ സ്ഥാപനത്തിൽത്തന്നെയാണ് യുവതിയുടെ കാമുകനും ജോലിചെയ്തിരുന്നത്.
21 വയസാണ് കമിതാക്കളുടെ പ്രായം. ജോലി ഉപേക്ഷിച്ച് മാസങ്ങൾക്ക് മുമ്പ് വിദേശത്ത് പോയ കാമുകൻ, യുവതിയുടെ പ്രസവത്തിന് ദിവസങ്ങൾക്ക് മുമ്പ് നാട്ടിലെത്തുകയും ചെയ്തു. ഒക്ടോബർ 25ന് ബംഗളൂരുവിലെ ആശുപത്രിയിൽവച്ചാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്.
മൂന്ന് ദിവസത്തിന് ശേഷം ഇരുവരും ട്രെയിൻ മാർഗം കോഴിക്കോട്ടെത്തി. ശേഷം കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. നവംബർ ഒന്നാം തീയതി ഇയാൾ തിരിച്ച് വിദേശത്തേക്ക് പോകുകയും ചെയ്തു. നിയമപരമായി വിവാഹിതരായ ശേഷം തങ്ങളുടെ കുഞ്ഞിന വീണ്ടെടുക്കണമെന്നായിരുന്നു ഇവരുടെ ആഗ്രഹം.
ഒക്ടോബർ 28നാണ് നാല് ദിവസം പ്രായമായ കുഞ്ഞിനെ പള്ളിവളപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൂടെ ഒരു കത്തും ഉണ്ടായിരുന്നു.''ഈ കുഞ്ഞിനെ കിട്ടുന്നവർ ഒഴിവാക്കരുത്. നിങ്ങൾക്ക് ഇഷ്ടമുള്ള പേരിടണം. അല്ലാഹു നിങ്ങൾക്ക് തന്നതാണെന്ന് കരുതി നന്നായി നോക്കണം. ഞങ്ങൾക്ക് അല്ലാഹു തന്നു. അത് അല്ലാഹുവിന് തന്നെ ഞങ്ങൾ കൊടുത്തു...". ഇങ്ങനെ പോകുന്നു കത്തിലെ വാക്കുകൾ.
കഞ്ഞിന്റെ ജനനത്തീയതിയും കത്തിലുണ്ട് - ഒക്ടോബർ 25. ബി.സി.ജി, ഹൈപ്പറ്റൈറ്റിസ് കുത്തിവയ്പും മരുന്നുകളും നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.വിവരം ലഭിച്ചതനുസരിച്ച് പന്നിയങ്കര പൊലീസും പിങ്ക് പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരുമെത്തി കുഞ്ഞിനെ കോട്ടപ്പറമ്പ് മാതൃ - ശിശു സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചിരുന്നു.