ബ്രിട്ടനിലെ പ്രമുഖ സംഘടനയായ കലയുടെ വാർഷികപ്പതിപ്പ് പാം ലീഫ്' രണ്ടാം വർഷവും ഉന്നതമായ നിലവാരം പുലർത്തിക്കൊണ്ട് വായനക്കാരിലെക്കെത്തി. സീന ദേവകി എഡിറ്റ് ചെയ്ത ഈ 'പാം ലീഫ്' മാഗസിൻ വളരെ നാളത്തേക്ക് സൂക്ഷിക്കാവുന്ന കാമ്പും കനവും ഉള്ള പ്രസിധീകരണമാണ്. ഒരു സംഘടനയുടെ പതിവ് പ്രസിദ്ധീകരണം എന്നതിലുപരി സ്വന്തം ചുവട്ടിൽ നിൽക്കാവുന്ന നല്ല ഒരു മാഗസിനായി ഇത് വളർന്നിരിക്കുന്നു. സിനിമ എന്ന വിഷയത്തീലേക്ക് ഫോക്കസ് ചെയ്യുന്ന പാം ലീഫ്'ന്റെ പേജുകൾ ചലച്ചിത്രം എന്ന മാദ്ധ്യമത്തിന്റെ ഒരാഘോഷവും പഠനവും ആയി മാറുന്നു. ആ പേജുകൾ മറിക്കുമ്പോൾ നമ്മൾ കാണുന്നതിതാണ്: ആറ്റൂർ രവി വര്മ്മയക്കുറിച്ചു ഡോക്യുമേന്ടറി തയാറാക്കിയ അൻവർ അലി ആ സിനിമയെയും കവിതയേയും കുറിച്ച് സീന ദേവകയോടു സംസാരിക്കുന്നു. മേരാം നോം ജോക്കറിൽ തുടങ്ങി പുതിയ മലയാള സിനിമയുടെ വ്യാകരണത്തിലൂടെ കടന്നു പോകുന്ന പി.എഫ് മാത്യൂസിന്റെ ലേഖനം, കവി പി.എൻ ഗോപീകൃഷ്ണന്റെ സിനിമാക്കുറിപ്പ്, മണി കൗൾ ചിത്രങ്ങളിലൂടെയുള്ള എ സഹദേവന്റെ യാത്ര, സംവിധായകൻ ജയരാജുമായുള്ള സീന പ്രവീണിന്റെ ഇന്റർവ്യൂ, കേതാൻ മേത്തയുടെ രാജാ രവി വർമ്മയെക്കുറിച്ചുള്ള ചിത്രം 'രംഗരസിയയുടെ' റിലീസോടെ നടന്ന കോടതിവിധിയും ചിത്രത്തിന്റെ നിരൂപണവും –മണമ്പൂർ സുരേഷ് എഴുതുന്നു, മധു ഇറവങ്കരയുടെ പുതുകാല സിനിമയുടെ വർത്തമാനം, താർക്കൊവ്സ്‌കി ചിത്രങ്ങളെക്കുറിച്ച് രണ്ടു പേർ എഴുതുന്നു... കീര്തിക് ശശിധരൻ, പ്രിയ ദിലീപ്, ട ഗോപാലകൃഷ്ണൻ, ട ശാരദക്കുട്ടി, ശാലിനി കോളയോട്ടു തുടങ്ങി നൂറ്റി ഇരുപതോളം പേജുകളിൽ നിറയുന്ന എഴുത്തുകാരും, വിഭവങ്ങളും ഏറെ. ലാളിത്യവും, ലാവണ്യവുമുള്ള ഡിസൈൻ. പുസ്തകാലമാരയിൽ ഇടം പിടിക്കുന്ന മാഗസിൻ. അതാണു കലയുടെ പാം ലീഫ്
മാഗസിൻ. രണ്ടു വനിതകൾ (താരാ രാജ്കുമാറും, എഡിറ്റർ സീന ദേവകിയും) വന്നു പാം ലീഫിന്റെ പ്രകാശനം നിർവഹിക്കുന്നതും കലയിൽ ഇതാദ്യമായായിരിക്കും..