pati-patni-aur-woh

ബോളിവുഡ് നടൻ കാർത്തിക് ആര്യനും ഭൂമി പടേക്കറും നായികാ നായകൻമാരായി എത്തുവന്ന 'പതി പത്നി ഓർ വോ' എന്ന ചിത്രത്തിന്റെ ട്രെയിലർ വിവാദത്തിലേക്ക്. ചിത്രത്തിൽ കാർത്തിക്കിന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. 'ഭാര്യയോട് സെക്സ് ചോദിച്ചാൽ ഞാൻ വൃത്തികെട്ടവൻ, അവൾക്ക് സെക്സ് നൽകിയില്ലെങ്കിൽ ഞാൻ ദുഷ്ടൻ. ഏതെങ്കിലും രീതിയിൽ അവളുമായി സെക്സ് ചെയ്യാൻ ശ്രമിച്ചാൽ ഞാൻ ബലാത്സംഗിയാകും.' എന്നതാണ് വിവാദമായ ഡയലോഗ്. ട്രെയ്‌ലറിന്റെ ഒരു ഭാഗത്ത് കാർത്തിക്ക് ആര്യന്റെ കഥാപാത്രം തന്റെ സുഹൃത്തിനോട് പറയുന്നതാണ് ഇത്.

എന്നാൽ ഈ ഡയലോഗ് പീഡനത്തെ നിസാരവത്ക്കരിക്കുകയും അതിനെ തമാശയായി കാണുകയും ചെയ്യുന്നു എന്നാണ് വിമർശകർ ആരോപിക്കുന്നത്. തുടർന്ന് ട്രെയിലറിനെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയർന്നിരിക്കുന്നത്. പീഡനം തമാശയാക്കേണ്ട കാര്യമല്ലെന്നും സ്ത്രീകൾക്കെതിരെയുള്ള പീഡനശ്രമങ്ങൾ വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് സമൂഹത്തെ പിന്നോട്ടടിക്കുന്ന രീതിയിലുള്ള തമാശകൾ ഒഴിവാക്കണം എന്നും വിമർശകർ ആവശ്യപ്പെടുന്നു.

ഭൂമി പടേക്കറെ കൂടാതെ അനന്യ പാണ്ഡെയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിൽ സ്ത്രീവിരുദ്ധമായി യാതൊന്നും ഇല്ലെന്നും സ്ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ ശാക്തീകരിക്കുന്ന കഥയാണ് ചിത്രം പറയുന്നതെന്നും ഭൂമി പടേക്കർ വ്യക്തമാക്കിയിട്ടുണ്ട്. പരസ്ത്രീഗമനം നടത്തുന്ന ഒരു ഭർത്താവും, അതേതുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഈ തമാശ ചിത്രത്തിന്റെ പ്രമേയം. മുദസ്സർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഡിസംബർ ആറിനാണ് റിലീസ് ചെയ്യുന്നത്.