വിജയ് യേശുദാസ് എന്ന ഗായകനെ മലയാളികൾക്കെല്ലാം ഇഷ്‌ടമാണ്. ഗാനഗന്ധർവനായ അച്ഛന്റെ നിഴലാകാതെ സ്വന്തം വ്യക്തിത്വം പടുത്തുയർത്താൻ വിജയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ന് മലയാളത്തിലെ യുവഗായകരിൽ മുൻപന്തിയിലാണ് വിജയ് യേശുദാസിന്റെ സ്ഥാനം. ഇക്കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ നിരവധി ഹിറ്റുകളാണ് വിജയ്‌യുടെ ശബ്‌ദത്തിൽ നിന്ന് പിറന്നത്. എന്നാൽ താരപരിവേഷങ്ങൾക്കുമെല്ലാമപ്പുറം സൗഹൃദങ്ങളും കൂട്ടായ്‌മകളും ഇഷ്‌ടപ്പെടുന്ന വ്യക്തിയാണ് താൻ എന്ന് പറയുകയാണ് വിജയ്.
ചെന്നൈയിലാണെങ്കിലും കൊച്ചിയിലാണെങ്കിലും അടുത്ത് എപ്പോഴും സുഹൃത്തുക്കൾ ഉണ്ടാകണമെന്നതാണ് തന്റെ ആഗ്രഹമെന്ന് വിജയ് പറയുന്നു. കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്‌റ്റാറിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു താരം മനസു തുറന്നത്. അതിനിടയിൽ രസകരമായ ഒരു അനുഭവവും വിജയ് പങ്കുവച്ചു. ജീവിതത്തിൽ അപ്പയുടെ (യേശുദാസ്) പേര് പറഞ്ഞ് എപ്പോഴെങ്കിലും രക്ഷപ്പെടേണ്ട അവസരം ഉണ്ടായിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയവെയാണ് വിജയ് ആ രഹസ്യം പരസ്യമാക്കിയത്.
ഒരിക്കൽ ഡ്രൈവിംഗിനിടെ ഫോണിൽ സംസാരിച്ചപ്പോൾ പൊലീസുകാരൻ പിടിച്ചു. ലൈസൻസ് നോക്കിയപ്പോൾ യേശുദാസ് എന്ന് കണ്ടു. ചോദിച്ചപ്പോൾ ഏൻ അപ്പാ താൻ എന്ന് മറുപടി നൽകി. 'യേശുദാസ് സാർ പയ്യനാ. പാത്ത് പോങ്ക സാർ' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതല്ലാതെ ഒരിക്കൽ പോലും താനായിട്ട് അച്ഛന്റ പേര് ഒരിടത്തും മിസ്‌യൂസ് ചെയ്‌തിട്ടില്ലെന്ന് വിജയ് പറയുന്നു.