psc

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ച് നടന്ന പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസിൽ നിർണായക വഴിത്തിരിവ്. പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയ മുഖ്യപ്രതി പ്രവീൺ ഇന്ന് കീഴടങ്ങി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മ‌ജിസ്ട്രേറ്റ് കോടതിയിലാണ് പ്രതി കീഴടങ്ങിയത്. ഇപ്പോൾ ജാമ്യം ലഭിച്ച കേസിലെ മുഖ്യപ്രതികളായ നസീമിനും ശിവരഞ്ജിത്തിനും ചോദ്യപേർപ്പർ ചോർത്തി എത്തിച്ച് നൽകിയത് പ്രവീണാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

പരീക്ഷ നടക്കുമ്പോൾ പ്രതികളുടെ ഫോണിലേക്ക് നിരന്തരം സന്ദേശങ്ങൾ എത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കോപ്പിയടിക്കാൻ സ്മാർട് വാച്ച് ഉപയോഗിച്ചെന്ന് പ്രതികൾ സമ്മതിച്ചിട്ടുമുണ്ട്. എന്നാൽ പ്രവീണിനെ ചോദ്യം ചെയ്താൽ മാത്രമെ കോപ്പിയടി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുവെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് സംഘർഷത്തെ തുടർന്നാണ് സംസ്ഥാനത്തെ ഞെട്ടിച്ച ചോദ്യപേപ്പർ ചോർത്തൽ പുറത്തുവന്നത്. കുത്തുകേസിൽ അറസ്റ്റിലായ പ്രതികൾ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചത് വിവാദമായതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്.

അതേസമയം, കോപ്പി അടിച്ചെങ്കിൽ അത് തന്റെ കഴിവാണെന്ന് പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതി നസീമിന്റെ വീരവാദം. ഫേസ്ബുക്ക് കുറിപ്പിലാണ് നസീം വീരവാദം മുഴക്കിയിരിക്കുന്നത്. ‘തോൽക്കാൻ മനസ്സില്ലെന്ന് ഞാൻ മനസ്സിൽ തീരുമാനിച്ച നിമിഷമായിരുന്നു, ഞാൻ ആദ്യമായി വിജയിച്ചത്‘ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​സീം ചി​ത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെ​യ്ത​ത്. ചിത്രത്തിന് താഴെ നിരവധി കമന്റുകളും ലെെക്കുകളും ലഭിച്ചിരുന്നു. തുടർന്ന് പോസ്‌റ്റിന് ‘നീയൊക്കെ എങ്ങനെ തോൽക്കാൻ അമ്മാതിരി കോപ്പിയടി അല്ലെ നടത്തുന്നെ‘ ഒരാൾ കമന്റ് ചെയ്തു. ഇ​തി​നു ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് "​കോ​പ്പി​ടി​ച്ചെ​ങ്കി​ൽ അ​തെ​ന്റെ ക​ഴി​വ്’ എ​ന്ന് ന​സീം തിരിച്ച് കമന്റ് ചെയ്തത്. നസീമിനെ പിന്തുണച്ചും ചിലരുടെ കമന്റുകളുണ്ട്. യൂ​ണി​വേ​ഴ്​​സി​റ്റി ക​ത്തി​ക്കു​ത്ത്, പി.​എ​സ്.​സി പ​രീ​ക്ഷ തി​രി​മ​റി കേ​സു​ക​ളി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ ശി​വ​ര​ഞ്ജി​ത്തും ന​സീ​മും അ​ടു​ത്തി​ടെ​യാ​ണ് ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ​ത്. 90 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തോ​ടെ​യാ​ണ് ഇ​രു​വ​ർ​ക്കും സ്വാ​ഭാ​വി​ക​ജാ​മ്യം ല​ഭി​ച്ച​ത്.