ന്യൂഡൽഹി: തീസ് ഹസാരി കോടതിയിലെ അഭിഭാഷകർ മർദ്ദിച്ച സംഭവത്തിൽ തെരുവിലിറങ്ങി ഡൽഹി പൊലീസിന്റെ പ്രതിഷേധം. കുറ്റക്കാരായ അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് പൊലീസുകാർ വ്യക്തമാക്കി. പൊലീസ് ആസ്ഥാനത്ത് പ്ലക്കാർഡ് ഉയർത്തിയാണ് ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥർ പ്രതിഷേധിക്കുന്നത്. തുടക്കത്തിൽ കുറച്ച് പൊലീസുകാർ മാത്രമാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. പിന്നീട് സംസ്ഥാനത്തെ പല ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥർ സമരത്തിനെത്തി.
'പൊലീസിനെ സംരക്ഷിക്കുക, ഞങ്ങളും മനുഷ്യരാണ്' എന്നീ വാചകങ്ങൾ എഴുതിയ പ്ലക്കാർഡും ഇവർ പിടിച്ചിട്ടുണ്ട്. കുറ്റക്കാരായ അഭിഭാഷകരെ അറസ്റ്റ് ചെയ്യാമെന്നും സമരത്തിൽ നിന്ന് പിന്മാറണമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും പൊലീസുകാർ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ട് പോയില്ല. അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയാണ് ഡൽഹി തീസ് ഹസാരി കോടതിവളപ്പിൽ അഭിഭാഷകരും പൊലീസും ഏറ്റുമുട്ടിയത്. പൊലീസ് ക്രൂരമായി മർദിച്ചെന്ന് ആരോപിച്ച് പൊലീസ് വാഹനങ്ങങ്ങളും ബൈക്കുകളും അഭിഭാഷകർ കത്തിച്ചു. അഭിഭാഷകർ അക്രമം നടത്തിയതിന്റെ തെളിവുകൾ ഉണ്ടായിട്ടും കോടതി ഏകപക്ഷീയമായാണ് നടപടി എടുത്തതെന്ന് സമരക്കാർ കുറ്റപ്പെടുത്തി. പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കമാണ് വെടിവയ്പ്പിലും വാഹനങ്ങൾ തീയിടുന്നതിലേക്കും എത്തിയതെന്നാണ് പൊലീസ് വാദം.