ന്യൂഡൽഹി: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലിരുന്ന് അമ്പരപ്പിക്കുന്ന ശബ്ദമാധുര്യത്തിൽ ലതാ മങ്കേഷ്‌കറുടെ ' ഏക് പ്യാർ കാ നഗ്മ ഹായ്' എന്ന ഗാനം ആലപിച്ച റാണു മണ്ഡൽ സോഷ്യൽ മീഡിയയിലടക്കം താരമായിരുന്നു. എന്നാൽ, റാണുവുമായി ബന്ധപ്പെട്ട് മറ്റൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. റാണുവിനൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്ന ആരാധികയെ ശകാരിക്കുന്നതിന്റെ വീഡിയോ ആണിത്.
‘എന്നെ തൊടരുത്, ഞാനിപ്പോൾ സെലിബ്രിറ്റിയാണ്’ എന്നു പറഞ്ഞു കൊണ്ട് ആരാധികയെ ശകാരിക്കുന്ന റാണുവിനെ ദൃശ്യങ്ങളിൽ കാണാം. നിരവധി ആളുകൾ ഈ വിഡിയോ പങ്കു വച്ചിട്ടുണ്ട്. ആൾതിരക്കുള്ള ഒരു കടയിൽ വച്ചാണ് സംഭവം നടന്നത്. ഇൻസ്റ്റഗ്രാമിൽ പ്രചരിച്ച വിഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് വിമർശനങ്ങളുമായെത്തിയത്.
മുംബയ് സ്വദേശിയായ ഭർത്താവിന്റെ മരണശേഷം രണാഘട്ടിലേക്ക് തിരിച്ചെത്തിയ റാണു ട്രെയിനുകളിലും പ്ലാറ്റ് ഫോമിലും പാട്ടുപാടിയാണ് വരുമാനം കണ്ടെത്തിയത്. മുഷിഞ്ഞ വസ്ത്രം ധരിച്ച് രണാഘട്ട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലിരുന്ന് പാടുന്ന റാണു മണ്ഡാലിന്റെ വീഡിയോ വളരെപ്പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിന് ശേഷം കേരളത്തിൽ നിന്നുൾപ്പെടെ പരിപാടി അവതരിപ്പിക്കാൻ നിരവധി അഭ്യർത്ഥനകളാണ് റാണുവിനെത്തേടിയെത്തിയത്. സംഗീതസംവിധായകൻ ഹിമേഷ് രേഷ്മിയ ‘ഹാപ്പി ഹർദി ആൻഡ് ഹീർ’ എന്ന ചിത്രത്തിൽ പാടാൻ അവർക്ക് അവസരം കൊടുത്തിരുന്നു.