സോളോ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ യുവ സംഗീതസംവിധായകനാണ് സൂരജ് എസ് കുറുപ്പ്. അലമാര, ആൻമരിയ കലിപ്പിലാണ്, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് സൂരജ് സംഗീതം നൽകിയിട്ടുണ്ട്. സംഗീത സംവിധായകനിൽ നിന്ന് ലൂക്ക എന്ന ചിത്രത്തിലൂടെ അഭിനയവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട്. സിനിമയിലേക്കുള്ള വരവ് ഒട്ടും എളുപ്പമായിരുന്നില്ലെന്നാണ് സൂരജ് പറയുന്നത്.
"ഗോഡ്ഫാദറില്ലാത്തത് വലിയ പ്രശ്നമാണ്. സിനിമാ ബാക്ക് ഗ്രൗണ്ടുള്ള കുടുംബത്തിൽ നിന്നല്ല എന്റെ വരവ്. അതുകൊണ്ട് തന്നെ ഒന്ന് എത്തിപ്പെടാൻ കുറച്ചധികം സമയമെടുത്തു. കോട്ടയം ചമ്പക്കരയിലാണ് ജനിച്ചത്. ഒരുപാട് കലാകാരന്മാരുടെ നാടാണ്. പക്ഷേ ആ നാട്ടിൽ നിന്നും സിനിമയിൽ അധികം പേർ വന്നിട്ടില്ല. ഇന്നിപ്പോൾ അവരെല്ലാം സൂരജ് ഞങ്ങളുടെ നാട്ടുകാരനാണെന്ന് പറയുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ട്. പരീക്ഷണങ്ങൾ കൊണ്ടു വരാൻ ഇഷ്ടമാണ്. അത്യാവശ്യം പാടാറുണ്ട്. പാട്ട് പഠിപ്പിച്ചത് അമ്മയാണ്. പിന്നെ മൃദംഗവും കീ ബോർഡും പഠിച്ചിട്ടുണ്ട്. പാട്ടെഴുത്തും കൂടെയുണ്ട്. കുടുംബത്തിൽ എല്ലാരും കലയുമായി അടുത്തു നിൽക്കുന്നവരാണ്. ഇതൊക്കെയാണെങ്കിലും സംഗീത സംവിധാനത്തോടാണ് കൂടുതൽ ഇഷ്ടം. ഇന്നത്തെ സൂരജിലേക്ക് എന്നെ എത്തിച്ചത് തീർച്ചയായും സംഗീതം തന്നെയാണ്. അഭിനന്ദനങ്ങളേക്കാൾ വിമർശനങ്ങൾ കേൾക്കുന്നതിലാണ് സന്തോഷം. എന്നെ കൂടുതൽ മെച്ചപ്പെടുത്താൻ വിമർശനങ്ങൾ സഹായിക്കും.
അടുത്ത സുഹൃത്തുക്കളെല്ലാം മനസ് തുറന്ന് വിമർശിക്കുന്നവരാണ്. മുന്നോട്ടുള്ള വഴികളിൽ കൂട്ടായി കുടുംബവുമുണ്ട്.ഒരുപാട് പാട്ടുകൾക്ക് സംഗീതം നൽകിയിട്ടുണ്ടെങ്കിലും ഹൃദയത്തോട് ചേർക്കുന്നത് സോളോയിലെ 'സീതാകല്യാണം" എന്ന പാട്ടാണ്. സംവിധാനം ചെയ്ത പാട്ടിന് സ്വന്തം ശബ്ദം കൊടുക്കാനും കഴിഞ്ഞുവെന്നതാണ് അതിന്റെ പ്രത്യേകത. എല്ലാ പാട്ടുകളുടെയും ട്രാക്ക് ഞാൻ പാടാറുണ്ട്. അങ്ങനെയാണ് സീതാകല്യാണത്തിന്റെയും ട്രാക്ക് പാടിയത്. ആ വോയ്സ് പക്ഷേ സംവിധായകൻ ബിജോയിക്ക് ഇഷ്ടമായി. അങ്ങനെ അത് തന്നെ ഫൈനലാക്കുകയായിരുന്നു. കരിയർ ബ്രേക്കായത് ആ പാട്ടാണ്. മലയാളത്തിനേക്കാളും കൂടുതൽ അഭിനന്ദനങ്ങൾ കിട്ടിയത് തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമായിരുന്നു".