 വീട്ടമ്മമാർക്ക് സഹായഹസ്‌തവുമായി സെലബീസ്

കൊച്ചി: പാചകം ഒരു സ്ഥിര വരുമാന മാർഗമാക്കാൻ വീട്ടമ്മമാർക്ക് സഹായഹസ്‌തവുമായി സെലബീസ് സ്‌റ്റാർട്ടപ്പ്. മാർക്കറ്റിംഗിനായി ഒരു രൂപ പോലും മുടക്കാതെ,​ വിഭവങ്ങൾ വിറ്റഴിക്കാൻ വീട്ടമ്മമാരെ പ്രാപ്‌തരാക്കുകയാണ് സെലബീസ്. വീടുകളിൽ തയ്യാറാക്കുന്ന തനത് നാടൻ വിഭവങ്ങൾ മുതൽ മെക്‌സിക്കൻ സ്‌പെഷ്യലായ ട്രെസ് ലെച്ചസ് വരെ പാർട്ടികൾക്ക് ലഭ്യമാക്കുകയാണ് സെലബീസ് ചെയ്യുന്നത്.

പാചകാഭിരുചിയുള്ള വീട്ടമ്മമാരെ തിരഞ്ഞെടുത്ത്,​ പരിശീലനം നൽകി,​ എഫ്.എസ്.എസ്.എ.ഐ അംഗീകാരത്തോടെയാണ് കൊച്ചിയിലെ പാർട്ടികളിൽ സെലബീസ് വിഭവങ്ങൾ എത്തിച്ചുനൽകുക. പ്രവർത്തനം ആരംഭിച്ച് ഏതാനും മാസങ്ങൾക്കകം തന്നെ ഒരുലക്ഷത്തിലേറെ വിഭവങ്ങൾ 100ലേറെ പരിപാടികൾക്കായി സെലബീസ് ലഭ്യമാക്കിയിട്ടുണ്ട്. ഓണക്കാലത്ത്,​ വീട്ടമ്മമാർ തയ്യാറാക്കിയ ഓണസദ്യ 5,​000ലേറെ പേർക്കാണ് ലഭ്യമാക്കിയത്.

ജന്മദിനാഘോഷം,​ വാർഷികാഘോഷം,​ ടീ പാർട്ടി,​ കോൺഫറൻസുകൾ തുടങ്ങി വിവാഹ ആഘോഷങ്ങൾക്ക് വരെ സെലബീസ് മുഖേന ബുക്ക് ചെയ്യാം. ആഘോഷങ്ങൾക്ക് വേണ്ട വിഭവങ്ങൾ മാത്രമോ അലങ്കാര സാമഗ്രികൾക്കൊപ്പമോ പാർട്ടി പൂർണമായി സ്ഥലസൗകര്യത്തോട് കൂടിയോ സെലബീസിൽ ഓർഡർ ചെയ്യാം.

250 രൂപ നിരക്കിൽ സാധാരണക്കാർക്കും ചെറിയ പാർട്ടികൾ 4-സ്‌റ്റാർ ഹോട്ടലുകളിൽ ആഘോഷിക്കാൻ 'സെലബീസ് സ്‌റ്റാർ ഫ്യൂഷൻ" അവസരമൊരുക്കുന്നുണ്ട്. വീട്ടമ്മമാർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ നേട്ടമാകുന്നു എന്നതാണ് സെലബീസിന്റെ സേവനത്തിന്റെ മികവ്. സെലബീസ്,​ നിശ്‌ചിത ലാഭവിഹിതം അനാഥാലയങ്ങൾക്കും അശരണർക്കുമൊപ്പം പങ്കുവയ്ക്കുന്നുമുണ്ട്. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് Celebees ആപ്പ് ഡൗൺലോഡ് ചെയ്യാം.