infosys

മുംബയ്: രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഐ.ടി സ്ഥാപനമായ ഇൻഫോസിസ് തങ്ങളുടെ 10000ത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി വാർത്ത. സീനിയർ, മദ്ധ്യ വിഭാഗത്തിലുള്ള 10 ശതമാനത്തോളം ജീവനക്കാരെയുൾപ്പെടെ കമ്പനി പിരിച്ചുവിടുന്നുണ്ട്. ഈ വിഭാഗത്തിലെ 2200 പേർക്കാണ് തങ്ങൾക്കുള്ള ജോലി നഷ്ടമാകാൻ പോകുന്നത്.

ജോബ് ലെവൽ 6(ജെ.എൽ 6) എന്ന ജോബ് കോഡിൽ പെടുന്ന സീനിയർ മാനേജർമാരിൽ 10 ശതമാനം പേർക്കും തങ്ങളുടെ ജോലി നഷ്ടമാകും. ഈ വിഭാഗത്തിൽ നിലവിൽ 30,092 ജോലിക്കാറുണ്ടെന്നാണ് കണക്ക്. ജോബ് ലെവൽ 7, ജോബ് ലെവൽ 8 എന്നീ നിലകളിലുള്ള മദ്ധ്യനിര ജീവനക്കാരെയും കമ്പനി പിരിച്ചുവിടും. ജോബ് ലെവൽ 3ക്ക് താഴെയുള്ളവർക്കും ജോബ് ലെവൽ 4, 5 എന്നീ നിലകളിലുള്ള 2.5 ശതമാനം പേർക്കും ജോലി നഷ്ടമാകും.

ഈ ജീവനക്കാരുടെ എണ്ണം കൂടി കണക്കിലെടുക്കുമ്പോൾ 4000 മുതൽ 10,000 ജീവനക്കാരായാണ് കമ്പനി പിരിച്ചുവിടുന്നത്. ജോബ് ലെവൽ 3ന് താഴെ 86,558 ജീവനക്കാരാണ് ഇൻഫോസിസിൽ ഉള്ളത്. ജോബ് ലെവൽ 5, 4 എന്നീ നിലകളിൽ 1,10,502 ജീവനക്കാർ ഉണ്ട്. ജോബ് ലെവൽ 6, 7 എന്നീ നിലകളിൽ 30, 092 ജീവനക്കാരും ഉണ്ട്.

ഇത് കൂടാതെ ഇവർക്ക് മുകളിലായി 971 പേരും സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. മുൻപും കമ്പനി ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇത്രയധികം പേരെ ഇതാദ്യമായാണ് ഇൻഫോസിസ് പിരിച്ചുവിടുന്നത്. രാജ്യത്തെ ഒന്നാമത്തെ ഐ.ടി സ്ഥാപനമായ കോഗ്നിസന്റും അടുത്തിടെ തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.