sanjay-raut

മുംബയ്: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് എൻ.സി.പിയുമായി ചർച്ച നടത്തിയെന്ന് ശിവസേന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റൗട്ട് പറഞ്ഞു. സംസ്ഥാന രാഷ്ട്രീയം മാറുകയാണെന്നും അടുത്ത മുഖ്യമന്ത്രി ശിവസേനയിൽ നിന്ന് തന്നെയാകുമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറും തമ്മിൽ ചർച്ച നടത്തിയിരുന്നു. അതിന് പിന്നാലെ ബി.ജെ.പിയുമായുള്ള സഖ്യം ശിവസേന ഉപേക്ഷിച്ചാൽ കോൺഗ്രസിന്റെ പുറമെ നിന്നുള്ള പിന്തുണയോടെ എൻ.സി.പി - ശിവസേന സഖ്യം രൂപപ്പെടുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഒപ്പം,​ ബി.ജെ.പിയുമായുള്ള സഖ്യം വിട്ടാൽ ശിവസേനയ്‌ക്ക് മുഖ്യമന്ത്രി പദമാണ് എൻ.സി.പി വാഗ്ദാനം ചെയ്തതെന്നും ശിവസേനയിൽ നിന്നും എൻ.സി.പിയിൽ നിന്നും രണ്ട് ഉപമുഖ്യമന്ത്രിമാർ വന്നേക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു

എന്നാൽ അടുത്ത മുഖ്യമന്ത്രിയെ സംസ്ഥാനത്ത് തന്നെ തീരുമാനിക്കുമെന്നും ശരദ് പവാർ മുഖ്യമന്ത്രിയാകില്ലെന്നും മുഖ്യമന്ത്രി ശിവസേനയിൽ നിന്ന് തന്നെ ആയിരിക്കുമെന്നും റൗട്ട് പറഞ്ഞു. ശരദ് പവാർ മുഖ്യമന്ത്രിയാകാനുള്ള സാദ്ധ്യതയെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ അദ്ദേഹം ഡൽഹിയിലെ വലിയ നേതാവാണെന്നും എന്തിനാണ് അദ്ദേഹത്തെ മഹാരാഷ്ട്രയിലേക്ക് കൊണ്ടുവരുന്നത് എന്നുമായിരുന്നു റൗട്ടിന്റെ മറുപടി.

ഒക്ടോബർ 24 ന് തിരഞ്ഞെടുപ്പ് ഫലം വന്നെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള ശിവസേനയുടെയും ബി.ജെ.പിയുടെയും വടംവലി രൂക്ഷമായതോടെ സർക്കാർ രൂപീകരണം നീണ്ടുപോവുകയായിരുന്നു.

ബി.ജെ.പി 105, ശിവസേന 56, എൻ.സി.പി 54, കോൺഗ്രസ് 44 എന്നിങ്ങനെയാണ് കക്ഷിനില.

25 ശിവസേന എം.എൽ.എമാർ ബി.ജെ.പിയിലേക്കെന്ന്

ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാൻ 25 ശിവസേന എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നും ശിവസേന പിളരുമെന്നും അമരാവതി ജില്ലയിലെ ബദ്‌നേര മണ്ഡലത്തിലെ സ്വതന്ത്ര എം.എൽ.എ രവി റാണ മാദ്ധ്യമങ്ങളോട് പറഞ്ഞു. റാണ നേരത്തേ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

”ശിവസേനയിലെ 25 എം.എൽ.എമാർ സർക്കാർ രൂപീകരണത്തിനായി എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. ശിവസേനയില്ലാതെ ഫഡ്നാവിസ് ഒരു സർക്കാർ രൂപീകരിച്ചാൽ, രണ്ട് മാസത്തിനുള്ളിൽ സേന പിളരുകയും 25 എം.എൽ.എമാർ ബി.ജെ.പിയിൽ ചേരുകയും ചെയ്യും.’- രവി റാണ പറഞ്ഞു. അഞ്ച് വർഷം കൊണ്ട് ശിവസേന വളരെ അഹങ്കാരമുള്ള ഒരു പാർട്ടിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.