ഇസ്‌താംബുൾ: അമേരിക്കൻ കമാൻഡോ ആക്രമണത്തിൽ കൊല്ലപ്പെട്ട ഐസിസ് ഭീകരൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ സഹോദരി റാസ്‌മിയ അവാദ് (65) തുർക്കി സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. ബാഗ്ദാദിയുടെ മുതിർന്ന സഹോദരിയായ ഇവരെ ഭർത്താവിനും അഞ്ച് മക്കൾക്കും മരുമകൾക്കുമൊപ്പം ഒരു ട്രക്കിലെ കണ്ടെയ്‌നറിൽ നിന്നാണ് പിടികൂടിയത്.
തിങ്കളാഴ്ച വൈകിട്ട് വടക്കൻ സിറിയയിലെ അലെപ്പോ പ്രവിശ്യയിൽ തുർക്കിയുടെ നിയന്ത്രണത്തിലുള്ള അസാസ് നഗരത്തിലെ പട്രോളിംഗിനിടെയാണ് ഇവർ കുടുങ്ങിയത്. കണ്ടെയ്‌നറിൽ കുടുംബത്തോടെ താമസിക്കുകയായിരുന്നു എന്നാണു കരുതുന്നത്. കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. റാസ്‌മിയയെയും ഭർത്താവിനെയും മരുമകളെയും രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യും.
ബാഗ്ദാദിക്ക് അഞ്ചു സഹോദരങ്ങളുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ അബു ഹംസ എന്ന സഹോദരൻ ഉണ്ടെന്നും വിവരമുണ്ട്. മറ്റ് സഹോദരിമാർ ഉണ്ടെന്നോ അവരുടെ പേരുവിവരങ്ങളോ ലഭ്യമല്ല. ഇവരെല്ലാം ജീവിച്ചിരിപ്പുണ്ടോയെന്നതും വ്യക്തമല്ല.
റാസ്‌മിയയെ ഐസിസിനെപ്പറ്റിയുള്ള രഹസ്യങ്ങളുടെ ‘സ്വർണഖനി’ എന്നാണു ഒരു തുർക്കി സുരക്ഷാ ഉദ്യോഗസ്ഥൻ വിശേഷിപ്പിച്ചത്. ഐസിസിന്റെ ഘടനയും മറ്റ് ആഭ്യന്തര കാര്യങ്ങളും റാസ്‌മിയയ്‌ക്ക് അറിയാമെന്നാണു കരുതുന്നത്.
ഒക്ടോബർ 23ന് അമേരിക്കൻ സൈന്യത്തിന്റെ ആക്രമണത്തിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടത്. പിറ്റേന്ന് മറ്റൊരു ആക്രമണത്തിൽ ഐസിസ് വക്താവ് അബു ഹസൻ അൽ മുജാഹിറും കൊല്ലപ്പെട്ടു. ഇതിനു പിന്നാലെ അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറൈഷി എന്ന ഭീകരനെ നേതാവായി തിരഞ്ഞെടുത്തിരുന്നു. ഇയാളുടെ വിവരങ്ങളും റാസ്‌മിയയിലൂടെ അറിയാമെന്നാണ് പ്രതീക്ഷ.
ബാഗ്ദാദിക്കൊപ്പമുണ്ടായിരുന്ന ഭീകരരുടെ വിവരങ്ങൾ അധികമൊന്നും ലഭ്യമായിട്ടില്ല. പലരും വ്യാജ പേരുകളിലാണ് സജീവമായിരുന്നത്. അൽ ഖുറൈഷിയും അത്തരക്കാരനാകാമെന്നാണ് അമേരിക്ക കരുതുന്നത്.
ഇക്കൊല്ലം ആദ്യം ഐസിസിന്റെ അധികാര കേന്ദ്രങ്ങൾ അമേരിക്കൻ സഖ്യസേന തകർത്തതോടെ നിരവധി ഭീകരർ വടക്കുപടിഞ്ഞാറൻ സിറിയയിലേക്കു രക്ഷപ്പെട്ടിരുന്നു. പലരും സിറിയയിലെയും ഇറാക്കിലെയും മരുഭൂമി താണ്ടുന്നതിനിടെ മരിച്ചു വീണു. എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്‌ത് സിറിയയിൽ എത്തിയവരിൽ ബാഗ്ദാദിയുടെ വിശ്വസ്തരും ബന്ധുക്കളും ഉണ്ടായിരുന്നെന്നാണ് റാസ്‌മിയയുടെ അറസ്റ്റോടെ വ്യക്തമാകുന്നത്.
മറ്റിടങ്ങളിൽ നിന്നുള്ള ഐസിസ് ഭീകരർക്ക് സിറിയയിലേക്കു കടക്കാനുള്ള രഹസ്യ താവളങ്ങളിൽ ഉൾപ്പെട്ടതാണ് റാസ്‌മിയയെ പിടികൂടിയ അസാസ് നഗരം. ഈ മേഖലയിൽ ഭീകരരുടെ കുടുംബാംഗങ്ങൾ സജീവമായിരുന്നെന്നാണ് റാസ്‌മിയയുടെ അറസ്റ്റോടെ വ്യക്തമാകുന്നത്. ഇത്തരം രഹസ്യ കേന്ദ്രങ്ങളെപ്പറ്റിയും റാസ്‌മിയയ്ക്ക് അറിവുണ്ടാവണം.
ബാഗ്ദാദിയുടെ വിശ്വസ്തർ, സഹായിച്ച മറ്റ് ഭീകരസംഘടനകൾ, ഇറാക്കിൽ നിന്ന് സിറിയയിലേക്ക് എത്താൻ സഹായിച്ചവർ തുടങ്ങിയ കാര്യങ്ങളും ഇവർക്ക് അറിവുണ്ടാകും. ഭീകരർ ഏതെല്ലാം വഴികളിലൂടെയാണ് കുടുംബാംഗങ്ങളെ വിവിധ രാജ്യങ്ങളിലേക്കു മാറ്റുന്നതെന്ന് അറിയാനും റാസ്‌മിയയിലൂടെ കഴിയുമെന്നാണു സൂചന.