മുംബയ് : ഇന്ത്യയിലെ പ്രശസ്ത സ്വകാര്യ വിമാനക്കമ്പനിയായ ഇൻഡിഗോയും ഖത്തർ എയർവേയ്‌സും ഒന്നിക്കുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം വ്യാഴാഴ്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഈ വാർത്ത പുറത്തുവന്നതോടെ ഇൻഡിഗോയുടെ മാതൃകമ്പനിയായ ഇന്റർഗ്ലോബിന്റെ ഓഹരിവില നാല് ശതമാനം ഉയർന്നിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ കൂടുതൽ സർവീസുകൾ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇൻഡിഗോ. ഇൻഡിഗോ സി.ഇ.ഒ റൊണോ ജോയ് ദത്തയും ഖത്തർ എയർവേയ്‌സ് സി.ഇ.ഒ അക്ബർ അൽ ബേക്കറും രണ്ട് കമ്പനികളുടേയും ഭാവി കാര്യങ്ങൾ പ്രഖ്യാപിക്കുമെന്ന് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. ഇതോടെ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഓഹരി വിലയിൽ 4.64 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലാണെങ്കിൽ 4.63 ശതമാനത്തിന്റെ വർദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇൻഡിഗോയിൽ നിക്ഷേപമിറക്കാൻ മുൻപും ഖത്തർ എയർവേസ് ശ്രമം നടത്തിയിരുന്നു എങ്കിലും ഇൻഡിഗോ വഴങ്ങിയിരുന്നില്ല. ഇപ്പോൾ വിമാന കമ്പനി ഇൻഡിഗോയുമായി സംയുക്തമായി സർവീസുകൾ നടത്താൻ തീരുമാനിച്ചിരിക്കയാണ്. അതേസമയം കമ്പനിയുടെ ഷെയറുകൾ വാങ്ങാൻ നിലവിൽ തീരുമാനിച്ചിട്ടില്ല. ഖത്തർ എയർവേയ്‌സ് സി.ഇ.ഒ പറഞ്ഞു. രാജ്യത്തെ ആഭ്യന്തര സർവീസുകളുടേ 50 ശതമാനവും ഇൻഡിഗോയുടെ കൈയിലാണ്. കഴിഞ്ഞ ആഴ്ചയാണ് 300 എയർബസ് വിമാനങ്ങൾ വാങ്ങാനായി ഇൻഡിഗോ ഓർഡർ നൽകിയത്. തുർക്കി, ചൈന, വിയറ്റ്‌നാം, മ്യാന്മാർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ 60കേന്ദ്രങ്ങളിൽ ഇൻഡിഗോ നിലവിൽ സർവീസ് നടത്തുന്നുണ്ട്.