കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറികളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഉൾപ്പെടെ വിവിധ ബിസിനസ് സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന മലബാർ ഗ്രൂപ്പിന്റെ കഴിഞ്ഞ 25 വർഷക്കാലത്തെ വിജയക്കുതിപ്പും ജനങ്ങൾ അർപ്പിച്ച മികച്ച വിശ്വാസവും പ്രതിപാദിക്കുന്ന കോഫി ടേബിൾ ബുക്ക് പ്രകാശനം ചെയ്‌തു. പൂനെയിൽ നടന്ന ചടങ്ങിൽ ബോളിവുഡ് താരവും ബ്രാൻഡ് അംബാസഡറുമായ അനിൽ കപൂറാണ് പ്രകാശനം നിർവഹിച്ചത്.

മലബാർ ഗ്രൂപ്പിന്റെ നേട്ടങ്ങൾ, അതിനു പിന്നിലെ പരിശ്രമങ്ങൾ എന്നിവ കോഫി ടേബിൾ ബുക്കിൽ വിവരിക്കുന്നുണ്ട്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ആഗോള തലത്തിൽ കൈവരിച്ച വളർച്ചയെ കുറിച്ചും ബുക്ക് വിശദമാക്കുന്നു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദിന്റെ നേതൃത്വത്തിലുള്ള ആഗോള മാനേജ്‌മെന്റ് സംഘം ബിസിനസ് മോഡലുകളിലൂടെയും സി.എസ്.ആർ പദ്ധതികളിലൂടെയും ലോകത്തെ ഏറ്റവും വലിയ ജുവലറിയായി മാറുകയെന്ന കാഴ്‌ചപ്പാടിലൂടെയും കോർപ്പറേറ്റ് ഇന്ത്യയെ പ്രചോദിപ്പിക്കുന്നുവെന്നും ബുക്ക് ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ ആഭരണ ശൈലികളുടെയും പാരമ്പര്യത്തിന്റെയും വൈവിദ്ധ്യവും പ്രത്യേകതകളും എടുത്തുകാട്ടുന്ന 'ബ്രൈഡ്‌സ് ഒഫ് ഇന്ത്യ" കാമ്പയിനിലൂടെ ഇന്ത്യൻ പാരമ്പര്യത്തിൽ അഭിമാനമുണർത്താനും മലബാർ ഗോൾഡിന് കഴിഞ്ഞു. സ്വർ‌ണത്തിലും വജ്രത്തിലുമുള്ള വിവിധ ആഭരണ ശ്രേണികളെക്കുറിച്ചും അവയുടെ പ്രത്യേകതകളും ബുക്ക് വ്യക്തമാക്കുന്നുണ്ട്. സെലബ്രിറ്റികളും സാധാരണക്കാരും മലബാർ ഗ്രൂപ്പുമായുള്ള അനുഭവങ്ങളും ബുക്കിൽ പങ്കുവയ്‌ക്കുന്നു. 10 രാജ്യങ്ങളിലായി 250ലേറെ ഷോറൂമുകളാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിനുള്ളത്.