കൊച്ചി : എറണാകുളം മുൻ ആർ.ടി.ഒ ജോജി പി. ജോസിനെതിരെ അനാവശ്യഹർജി നൽകിയതിന് കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിക്ക് ഹൈക്കോടതി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. ഇതിൽ മൂന്നുലക്ഷം ജോജി പി. ജോസിനും രണ്ടുലക്ഷം കേരള ലീഗൽ സർവീസ് അതോറിട്ടിക്കും നൽകണമെന്ന് സിംഗിൾ ബഞ്ചിന്റെ വിധിയിൽ പറയുന്നു. തുക ഒരു മാസത്തിനുള്ളിൽ ലഭിച്ചില്ലെങ്കിൽ അസോസിയേഷൻ ജില്ലാ സെക്രട്ടറിയടക്കമുള്ള ഭാരവാഹികളിൽ നിന്ന് ഇൗടാക്കാൻ നടപടിയെടുക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പൊതുസേവകൻ എന്ന നിലയിൽ കൃത്യനിർവഹണം നടത്തുന്ന ഉദ്യോഗസ്ഥനെ അപകീർത്തിപ്പെടുത്താനും അതുവഴി പ്രശസ്തിനേടാനും കോടതി നടപടികളെ ഹർജിക്കാർ ദുരുപയോഗം ചെയ്തെന്നു വിലയിരുത്തിയാണ് നടപടി. ജോജി. പി. ജോസ് അനാവശ്യമായി ബസ് ജീവനക്കാരെ ദ്രോഹിക്കുകയാണെന്നും ഏജന്റുമാർ മുഖേന നൽകാത്ത അപേക്ഷകളിൽ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുന്നില്ലെന്നുമായിരുന്നു ഹർജിയിലെ ആരോപണങ്ങൾ. ഹർജിക്കാർക്ക് ആരോപണം തെളിയിക്കാൻ ബാദ്ധ്യതയുണ്ടെങ്കിലും ഇതു സാധിച്ചില്ല. കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതിനാണ് പിഴ ശിക്ഷ വിധിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ഹർജി പരിഗണനയിലിരിക്കെ ജോജി പി. ജോസ് സർവീസിൽ നിന്ന് വിരമിച്ചിരുന്നു.