sreekumaran-thampy

മലയാള സിനിമയിൽ വർഗീയത ഉണ്ടെന്ന് പറഞ്ഞാൽ എതിർക്കുമെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. ബിനീഷ് ബാസ്റ്റിനെ അപമാനിച്ചതുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിൽ ജാതിതിരിവ് ഉണ്ടെന്ന തരത്തിൽ വിവിധ ഭാഗങ്ങളിൽ നിന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ അതിനെയൊക്കെ നിഷേധിക്കുകയാണ് ശ്രീകുമാരൻ തമ്പി. പേരിന്റെ കൂടെ മേനോൻ, പിള്ള, നായർ എന്നൊക്കെയുള്ളവർ വർഗ്ഗീയ വാദികൾ ആണെങ്കിൽ സത്യൻ, പ്രേംനസീർ, യേശുദാസ് മുതലായവർ മലയാളസിനിമയിൽ ഔന്നത്യത്തിൽ എത്തുമായിരുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മുസ്ലിങ്ങൾ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത് ? ക്രിസ്ത്യാനികൾ മാത്രം സഹായിച്ചതു കൊണ്ടാണോ യേശുദാസ് ഗാന ഗന്ധർവ്വനായത് ? ജാതിയും മതവുമല്ല , പ്രതിഭയും അർപ്പണബോധവുമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മലയാള സിനിമയിൽ വർഗ്ഗീയതയുണ്ടെന്നു പറഞ്ഞാൽ ഞാൻ എതിർക്കും . പേരിന്റെ കൂടെ മേനോൻ , പിള്ള , നായർ എന്നൊക്കെയുള്ളവർ വർഗ്ഗീയ വാദികൾ ആണെങ്കിൽ സത്യൻ , പ്രേംനസീർ , യേശുദാസ് മുതലായവർ മലയാളസിനിമയിൽ ഔന്നത്യത്തിൽ എത്തുമായിരുന്നില്ല. മുസ്ലിങ്ങൾ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത് ? കൃസ്ത്യാനികൾ മാത്രം സഹായിച്ചതു കൊണ്ടാണോ യേശുദാസ് ഗാന ഗന്ധർവ്വനായത് ? ജാതിയും മതവുമല്ല , പ്രതിഭയും അർപ്പണബോധവുമാണ് പ്രധാനം .

ഇതു രണ്ടുമില്ലാത്തവർ വേഷം കെട്ടിയതുകൊണ്ടോ നാടകം കളിച്ചതു കൊണ്ടോ ഒന്നും നേടാൻ പോകുന്നില്ല. മനുഷ്യനെ അറിയുക ; മനുഷ്യത്വത്തിൽ വിശ്വസിക്കുക. സ്വന്തം കഴിവിൽ ഉത്തമ ബോധ്യമുണ്ടായിരിക്കുക ! ചുളുവിൽ പ്രശസ്തി നേടാൻ ശ്രമിക്കുന്നവർക്ക് താൽക്കാലിക ലാഭം കിട്ടിയേക്കാം .
ഉള്ളു പൊള്ളയാണെന്നറിയുമ്പോൾ ഇപ്പോൾ തലയിലേറ്റുന്നവർ തന്നെ താഴെയിട്ടു ചവിട്ടും