ബംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐ.ടി കമ്പനിയായ ഇൻഫോസിസ് 4,000 മുതൽ 10,000 വരെ ജീവനക്കാരെ പിരിച്ചുവിടും. ഇടത്തട്ട് (മിഡ്-ലൈവൽ) മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ പിരിച്ചുവിടൽ പട്ടികയിലുണ്ടെന്നാണ് സൂചന. പ്രവർത്തന മികവ് പരിശോധിച്ച ശേഷമാണ് പിരിച്ചുവിടൽ.
വർഷങ്ങൾക്ക് ശേഷമാണ് പിരിച്ചുവിടൽ നടപടിക്ക് ഇൻഫോസിസിസ് ഒരുങ്ങുന്നത്. അതുകൊണ്ടാണ്, ഇക്കുറി പട്ടികയിലുള്ളവരുടെ എണ്ണം വർദ്ധിച്ചതെന്ന് കമ്പനി വ്യക്തമാക്കുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി 12,000ഓളം പേരെ പിരിച്ചുവിടുമെന്ന് മറ്രൊരു പ്രമുഖ ഐ.ടി കമ്പനിയായ കോഗ്നിസന്റ് കഴിഞ്ഞവാരം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇൻഫോസിസിന്റെയും നീക്കം.
സീനിയർ മാനേജർമാരുൾപ്പെടുന്ന ജോബ് ലെവൽ (ജെ.എൽ) - 6 വിഭാഗത്തിലെ 10 ശതമാനം (2,200) പേർക്ക് ജോലി നഷ്‌ടപ്പെടും. ജെ.എൽ-6, ജെ.എൽ-7, ജെ.എൽ-8 വിഭാഗങ്ങളിലായി 30,092 ജീവനക്കാരാണ് ഇൻഫോസിസിനുള്ളത്. ജെ.എൽ-3 മുതൽ താഴേക്കും ജെ.എൽ-4, ജെ.എൽ-5 വിഭാഗങ്ങളിലെയുമായി രണ്ടു മുതൽ അഞ്ചുവരെ ശതമാനം പേരും പട്ടികയിലുണ്ട്. ഇതുകൂടി ചേരുമ്പോൾ ആകെ പിരിച്ചുവിടപ്പെടുന്നവരുടെ എണ്ണം 4,000 മുതൽ 10,000 വരെ ആകും.
ജെ.എൽ-3യ്ക്കും താഴെയുമായി 86,558 പേരും ജെ.എൽ-4, ജെ.എൽ-5 വിഭാഗങ്ങളിലായി 1.10 ലക്ഷംപേരുമാണ് ഇൻഫോസിസിലുള്ളത്.
ഉയർന്ന ഉദ്യോഗസ്ഥരുടെ 'ടോപ്പ്" വിഭാഗത്തിലുള്ളത് 971 പേർ. ഇവരിൽ രണ്ടു മുതൽ അഞ്ചുവരെ ശതമാനം പേർക്കും പിരിച്ചുവിടൽ നോട്ടീസ് കിട്ടിയിട്ടുണ്ട്. അതായത്, 50 വരെ പേർ. വൈസ് പ്രസിഡന്റ്, അസിസ്‌റ്രന്റ് വൈസ് പ്രസിഡന്റ്, സീനിയർ വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എന്നിവരാണ് ഈ വിഭാഗത്തിലുള്ളത്.
ഇൻഫോസിസ്
ജീവനക്കാർ
(ജെ.എൽ - ജോബ് ലെവൽ)
പിരിച്ചുവിടൽ
ഭീതിയിൽ
4,000-10,000 പേർ
12,000
കോഗ്നിസന്റിന്റെ പിരിച്ചുവിടൽ പട്ടികയിലുള്ളത് 10,000 മുതൽ 12,000 വരെ ജീവനക്കാർ