 പ്രഖ്യാപനം നാളെ

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്രവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയും ഖത്തർ എയർവേസും സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. ഇൻഡിഗോ എയർലൈൻസ് സി.ഇ.ഒ റോണോജോയ് ദത്ത, ഖത്തർ എയർവേസ് സി.ഇ.ഒ അക്‌ബർ അൽ-ബേക്കർ‌ എന്നിവരാണ് ഭാവിപദ്ധതികൾ പ്രഖ്യാപിക്കുക.

ഇൻഡിഗോയിൽ നിക്ഷേപ താത്പര്യം ഖത്തർ എയർവേസ് നേരത്തേയും അറിയിച്ചിരുന്നു. എന്നാൽ, ഇൻഡിഗോ അനുകൂലിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സഹകരിച്ച് പ്രവർത്തിക്കാനുള്ള തീരുമാനം. ഇൻഡിഗോ വിദേശ നിക്ഷേപത്തിന് തയ്യാറാകുമ്പോൾ ഉറപ്പായും ഖത്തർ എയർവേസ് നിക്ഷേപം നടത്തുമെന്ന് അൽ-ബേക്കർ വ്യക്തമാക്കിയിട്ടുണ്ട്.

40 ശതമാനം വിഹിതവുമായി ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ് ഇൻഡിഗോ. സഹകരണ വാർത്തകളെ തുടർന്ന് ഇന്നലെ കമ്പനിയുടെ മാതൃസ്ഥാപനമായ ഇന്റർഗ്ളോബ് ഏവിയേഷന്റെ ഓഹരികൾ 4.64 ശതമാനം വരെ ഉയർന്നു. ടർക്കി, ചൈന, വിയറ്ര്‌നാം, മ്യാൻമർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലായി 60 വിദേശ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ 300 പുതിയ എയർ ബസുകൾക്കുള്ള റെക്കാഡ് ഓർഡർ കഴിഞ്ഞവാരം നൽകിയിരുന്നു.